മത്താ. 20:17-34

മത്താ. 20:17-34 IRVMAL

യേശു യെരൂശലേമിലേക്ക് യാത്ര ചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ട് വഴിയിൽവെച്ചു അവരോട് പറഞ്ഞത്: കാണ്മീൻ, നാം യെരൂശലേമിലേക്ക് പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും; അവർ അവനു മരണശിക്ഷ കല്പിച്ച്, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജനതകൾക്ക് ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും. പിന്നീട് സെബെദിപുത്രന്മാരുടെ അമ്മ അവളുടെ പുത്രന്മാരുമായി യേശുവിന്‍റെ അടുക്കെ വന്നു നമസ്കരിച്ചു അവനോട് ഒരു അപേക്ഷ കഴിച്ചു. നിനക്കു എന്ത് വേണം? എന്നു യേശു അവളോട് ചോദിച്ചു. അവൾ അവനോട്: “ഈ എന്‍റെ പുത്രന്മാർ ഇരുവരും നിന്‍റെ രാജ്യത്തിൽ ഒരുവൻ നിന്‍റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ കല്പിക്കണമേ“ എന്നു പറഞ്ഞു. അതിന് ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നതു ഇന്നത് എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുവാനിരിക്കുന്ന പാനപാത്രം കുടിക്കുവാൻ നിങ്ങൾക്ക് കഴിയുമോ? എന്നു ചോദിച്ചു. “ഞങ്ങൾക്ക് കഴിയും“ എന്നു അവർ പറഞ്ഞു. അവൻ അവരോട്: എന്‍റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്‍റെ വലത്തും ഇടത്തും ഇരിക്കുവാൻ വരം നല്കുന്നത് എന്‍റെതല്ല; എന്‍റെ പിതാവ് ആർക്ക് ഒരുക്കിയിരിക്കുന്നുവോ അത് അവർക്കുള്ളതാണ് എന്നു പറഞ്ഞു. ശേഷം പത്തു ശിഷ്യന്മാർ അത് കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോട് വളരെ നീരസപ്പെട്ടു. യേശുവോ അവരെ അടുക്കൽ വിളിച്ചു: ജനതകളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെ മേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. എന്നാൽ നിങ്ങൾ അങ്ങനെ അരുത്: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം. മനുഷ്യപുത്രൻ ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനും അനേകർക്ക് വേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുക്കുവാനും വന്നതുപോലെ തന്നെ എന്നു പറഞ്ഞു. അവർ യെരിഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു. അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നത് കേട്ടു: “കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ“ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. മിണ്ടാതിരിക്കുവാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: “കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ“ എന്നു അധികം ഉറക്കെ വിളിച്ചു. യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്യേണമെന്ന് നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു. “കർത്താവേ, ഞങ്ങൾക്കു കണ്ണ് തുറന്നുകിട്ടേണം “എന്നു അവർ പറഞ്ഞു. യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണ് തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.