മത്താ. 19:17-30

മത്താ. 19:17-30 IRVMAL

അവൻ: എന്നോട് നല്ല കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നത് എന്ത്? നല്ലവൻ ഒരുവനേ ഉള്ളൂ. ജീവനിൽ കടക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോട് പറഞ്ഞു. ഏത് കല്പന എന്നു അവൻ ചോദിച്ചതിന് യേശു: കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്; അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്ക എന്നിവ തന്നെ എന്നു പറഞ്ഞു. യൗവനക്കാരൻ അവനോട്: “ഈ കല്പനകൾ ഒക്കെയും ഞാൻ അനുസരിച്ചു പോരുന്നു; ഇനി കുറവുള്ളത് എന്ത്?“ എന്നു ചോദിച്ചു. യേശു അവനോട്: സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളത് വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു. യേശു തന്‍റെ ശിഷ്യന്മാരോട്: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നെ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അത് കേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: “എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്ക് കഴിയും?“ എന്നു പറഞ്ഞു. യേശു അവരെ നോക്കി: അത് മനുഷ്യർക്ക് അസാദ്ധ്യം എങ്കിലും ദൈവത്തിന് സകലവും സാദ്ധ്യം എന്നു പറഞ്ഞു. പത്രൊസ് അവനോട്: “ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്ത് ഉണ്ടായിരിക്കും?“ എന്നു ചോദിച്ചു. യേശു അവരോട് പറഞ്ഞത്: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുതുജനനത്തിൽ മനുഷ്യപുത്രൻ തന്‍റെ മഹത്വത്തിന്‍റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായംവിധിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. എന്‍റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന് എല്ലാം നൂറുമടങ്ങ് ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.