അവൻ മറ്റൊരു ഉപമ അവരോട് പറഞ്ഞത്; “സ്വർഗ്ഗരാജ്യം ഒരു സ്ത്രീ മൂന്നുപറ മാവ് എടുത്ത് എല്ലാം പുളിച്ചുവരുവോളം ചേർത്തുവയ്ക്കുന്ന അല്പം പുളിച്ച മാവിനോടു സദൃശം” ഇതു ഒക്കെയും യേശു പുരുഷാരത്തോട് ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞില്ല “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായത് ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞത് നിവൃത്തിയാകുവാൻ സംഗതിവന്നു. അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ട് വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്‍റെ അടുക്കൽ ചെന്നു: “വയലിലെ കളയുടെ ഉപമ വിവരിച്ചുതരണം“ എന്നു അപേക്ഷിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: നല്ലവിത്ത് വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ; വയൽ ലോകം; നല്ലവിത്ത് രാജ്യത്തിന്‍റെ പുത്രന്മാർ; കള ദുഷ്ടന്‍റെ പുത്രന്മാർ; അത് വിതച്ച ശത്രു പിശാച്; കൊയ്ത്ത് ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. അതുകൊണ്ട് കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്‍റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്‍റെ രാജ്യത്തിൽനിന്നു പാപത്തെ ഉളവാക്കുന്ന സകലത്തേയും അധർമ്മം പ്രവർത്തിക്കുന്ന എല്ലാവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവച്ച നിധിയോട് സദൃശം. അത് ഒരു മനുഷ്യൻ കണ്ടു മറച്ചിട്ട്, തന്‍റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി. പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോട് സദൃശം. അവൻ വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് അത് വാങ്ങി. പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക ജീവികളേയും പിടിക്കുന്നതുമായൊരു വലയോടു സദൃശം. അത് നിറഞ്ഞപ്പോൾ മീൻ പിടുത്തക്കാർ അത് വലിച്ചു കരയ്ക്ക് കയറ്റി, അവർ ഇരുന്നുകൊണ്ട് നല്ലത് പാത്രങ്ങളിൽ കൂട്ടിവച്ചു, ചീത്തയായവ എറിഞ്ഞുകളഞ്ഞു. ഇങ്ങനെ തന്നെ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിക്കും. അവർ അവരെ തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന് ശിഷ്യന്മാർ അതെ എന്നു പറഞ്ഞു. പിന്നെ യേശു അവരോട്: അതുകൊണ്ട് സ്വർഗ്ഗരാജ്യത്തിന് ശിഷ്യനായി തീർന്ന ഏത് ശാസ്ത്രിയും തന്‍റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന ഒരു വീട്ടുടയവനോട് സദൃശനാകുന്നു എന്നു പറഞ്ഞു. യേശു ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം അവിടെനിന്നും പുറപ്പെട്ടു. അതിനുശേഷം തന്‍റെ സ്വന്ത പ്രദേശങ്ങളിൽ പ്രവേശിച്ചു അവിടെയുള്ള ജനങ്ങളെ അവരുടെ പള്ളിയിൽ ഉപദേശിച്ചു. അപ്പോൾ അവർ യേശുവിന്‍റെ ഉപദേശത്തിൽ വിസ്മയിച്ചു: “ഇവന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നുലഭിച്ചു? ഇവൻ തച്ചൻ്റെ മകൻ അല്ലയോ? ഇവന്‍റെ അമ്മ മറിയ അല്ലയോ? ഇവന്‍റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്‍റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന് ഇതു ഒക്കെയും എവിടെ നിന്നുലഭിച്ചു?“ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. യേശു അവരോട്: ഒരു പ്രവാചകൻ തന്‍റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ വളരെ വീര്യപ്രവൃത്തികളെ ചെയ്തില്ല.
മത്താ. 13 വായിക്കുക
കേൾക്കുക മത്താ. 13
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്താ. 13:33-58
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ