മത്താ. 10:1-20

മത്താ. 10:1-20 IRVMAL

അതിനുശേഷം യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെയും ഒരുമിച്ചുവിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ വ്യാധികളേയും രോഗങ്ങളെയും സൗഖ്യമാക്കുവാനും അവർക്ക് അധികാരം കൊടുത്തു. പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരുകൾ: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്‍റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്‍റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അൽഫായിയുടെ മകൻ യാക്കോബ്, തദ്ദായി, എരുവുകാരനായ ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ. ഈ പന്ത്രണ്ടുപേരെയും യേശു അയയ്ക്കുമ്പോൾ അവരോട് നിർദ്ദേശിച്ചതെന്തെന്നാൽ: ജനതകളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കൽ തന്നെ ചെല്ലുവിൻ. നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിച്ചു പറയുവിൻ. രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിക്കുവിൻ; കുഷ്ഠരോഗികളെ ശുദ്ധരാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്ക് ലഭിച്ചു, സൌജന്യമായി കൊടുക്കുവിൻ. പൊന്നും, വെള്ളിയും, ചെമ്പും, പണസഞ്ചിയും, വഴിക്ക് യാത്രാസഞ്ചിയോ രണ്ടു ഉടുപ്പോ ചെരിപ്പോ വടിയോ ഒന്നും കരുതരുത്; വേലക്കാരൻ തന്‍റെ ആഹാരത്തിന് യോഗ്യനത്രെ. ഏത് പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ അവിടെ യോഗ്യനായവൻ ആരെന്ന് അന്വേഷിക്കുവിൻ; അവിടെനിന്നും പുറപ്പെട്ടുപോകുവോളം അവന്‍റെ അടുക്കൽത്തന്നെ പാർപ്പിൻ. ആ വീട്ടിൽ പ്രവേശിക്കുമ്പോൾ അതിന് വന്ദനം പറവിൻ. വീടിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്ക് മടങ്ങിപ്പോരട്ടെ; ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുവിൻ. ന്യായവിധിദിവസത്തിൽ ആ പട്ടണത്തേക്കാൾ സൊദോമ്യരുടേയും ഗൊമോര്യരുടെയും ദേശത്തിന് സഹിക്കുവാൻ കഴിയും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. ശ്രദ്ധിക്കുവിൻ, ഞാൻ നിങ്ങളെ ചെന്നായ്ക്കളുടെ നടുവിൽ ചെമ്മരിയാടിനെപ്പോലെ അയയ്ക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനേപ്പോലെ നിരുപദ്രവകാരികളും ആയിരിപ്പിൻ. മനുഷ്യരുടെ മുൻപാകെ നിങ്ങൾ നിങ്ങളെ തന്നെ സൂക്ഷിച്ചുകൊള്ളുവിൻ; കാരണം അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കുകയും തങ്ങളുടെ പള്ളികളിൽവെച്ച് ചാട്ടകൊണ്ട് അടിക്കുകയും ചെയ്യും എന്‍റെ നിമിത്തം നാടുവാഴികളുടേയും, രാജാക്കന്മാരുടേയും മുമ്പാകെ കൊണ്ടുപോകും; അത് അവർക്കും ജനതകൾക്കും ഒരു സാക്ഷ്യം ആയിരിക്കും. എന്നാൽ, നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറയുവാനുള്ളത് ആ സമയത്തുതന്നെ നിങ്ങൾക്ക് ലഭിക്കും. പറയുന്നത് നിങ്ങൾ അല്ല, നിങ്ങളിൽ ഉള്ള നിങ്ങളുടെ പിതാവിന്‍റെ പരിശുദ്ധാത്മാവത്രേ പറയുന്നത്.