ലൂക്കൊ. 6:6-16

ലൂക്കൊ. 6:6-16 IRVMAL

മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ ശോഷിച്ച ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. ശാസ്ത്രികളും പരീശരും അവനിൽ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം അന്വേഷിക്കുകയായിരുന്നു. അവൻ ശബ്ബത്തിൽ ആ മനുഷ്യനെ സൗഖ്യമാക്കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവരുടെ വിചാരം മനസ്സിലാക്കിയിട്ട് അവൻ ശോഷിച്ച കയ്യുള്ള മനുഷ്യനോടു: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റ് നിന്നു. യേശു അവരോട്: ഞാൻ നിങ്ങളോടു ഒന്ന് ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മചെയ്കയോ ജീവനെ രക്ഷിയ്ക്കുകയോ നശിപ്പിക്കയോ ചെയ്യുന്നത് നിയമാനുസൃതമോ? എന്നു ചോദിച്ചു. അവരെ എല്ലാം ചുറ്റും നോക്കീട്ട് ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്‍റെ കൈ സുഖമായി. അവർക്ക് കഠിനമായ ദേഷ്യം തോന്നി. യേശുവിനെ എന്ത് ചെയ്യേണം എന്നു തമ്മിൽതമ്മിൽ ആലോചിച്ചു. മറ്റൊരു ദിവസം അവൻ പ്രാർത്ഥിക്കുവാനായി ഒരു മലയിൽ ചെന്നു. അവൻ ദൈവത്തോട് രാത്രി മുഴുവൻ പ്രാർത്ഥിച്ചു. രാവിലെ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു. അവരുടെ പേരുകൾ: പത്രൊസ് എന്നു അവൻ പേർ വിളിച്ച ശിമോൻ, അവന്‍റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്‍റെ മകനായ യൂദാ, ദ്രോഹിയായ്തീർന്ന ഈസ്കര്യോത്ത് യൂദാ എന്നിവർ തന്നെ.