അവൻ സംസാരിക്കുമ്പോൾ തന്നെ പുരുഷാരം അവന്‍റെ അടുക്കൽ വന്നു; പന്ത്രണ്ടു ശിഷ്യരിൽ ഒരുവനായ യൂദാ അവർക്ക് മുന്നിൽ നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു. യേശു അവനോട്: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത് എന്നു പറഞ്ഞു. അവിടെ സംഭവിപ്പാൻ പോകുന്നത് എന്താണ് എന്നു അവന്‍റെ കൂടെയുള്ളവർക്ക് മനസ്സിലായി: ”കർത്താവേ, ഞങ്ങൾ അവരെ വാൾകൊണ്ടു വെട്ടേണമോ?” എന്നു ചോദിച്ചു. അവരിൽ ഒരുവൻ മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ വലത്തെ ചെവി അറുത്തു. അപ്പോൾ യേശു; ഇത്രയും ചെയ്തത് മതി അവനെ വിടുവിൻ എന്നു പറഞ്ഞു അവന്‍റെ ചെവി തൊട്ടു സൗഖ്യമാക്കി. യേശു തന്‍റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്‍റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി എന്‍റെ നേരെ വരുന്നത് എന്തിനാണ്? ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്‍റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്‍റെ അധികാരവും ആകുന്നു എന്നു പറഞ്ഞു. അവർ യേശുവിനെ പിടിച്ച് മഹാപുരോഹിതന്‍റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും കുറച്ച് അകലം വിട്ടു അവരെ അനുഗമിച്ചു. അവർ എല്ലാവരും നടുമുറ്റത്തിൻ്റെ മദ്ധ്യേ തീ കത്തിച്ച് കൊണ്ടിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു. അവൻ തീയുടെ വെളിച്ചത്തിനരികെ ഇരിക്കുന്നത് ഒരു ബാല്യക്കാരത്തി കണ്ടു അവനെ സൂക്ഷിച്ചുനോക്കി: ”ഇവനും യേശുവിനോടുകൂടെ ആയിരുന്നു” എന്നു പറഞ്ഞു. അവനോ: ”സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല” എന്നു തള്ളിപ്പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരുവൻ അവനെ കണ്ടു: ”നീയും അവരുടെ കൂട്ടത്തിലുള്ളവൻ” എന്നു പറഞ്ഞു; പത്രൊസോ: ”മനുഷ്യാ, ഞാൻ അല്ല” എന്നു പറഞ്ഞു. ഏകദേശം ഒരു മണിക്കൂർ നേരം കഴിഞ്ഞപ്പോൾ വേറൊരുവൻ: ”ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ” എന്നു ഉറപ്പിച്ചു പറഞ്ഞു. ”മനുഷ്യാ, നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല” എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നെ പെട്ടെന്ന് കോഴി കൂകി. അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്ന് നോക്കി: ഇന്ന് കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോട് പറഞ്ഞവാക്ക് പത്രൊസ് ഓർത്തു പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു. യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി: ”പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ?” എന്നു ചോദിച്ചു അവർ ദൈവത്തെ നിന്ദിച്ച് യേശുവിനെതിരായി മറ്റു പലകാര്യങ്ങളും പറഞ്ഞു. രാവിലെ ജനത്തിന്‍റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: ”നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക” എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല; ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല. എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്ത് ഇരിക്കും എന്നു പറഞ്ഞു. ”എന്നാൽ നീ ദൈവപുത്രൻ തന്നെ ആകുന്നോ?” എന്നു എല്ലാവരും ചോദിച്ചതിന്: നിങ്ങൾ പറയുന്നത് ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു. അപ്പോൾ അവർ: ”ഇനി സാക്ഷ്യംകൊണ്ട് നമുക്കു എന്ത് ആവശ്യം? അവൻ പറയുന്നത് തന്നെ നമ്മൾ കേട്ടുവല്ലോ” എന്നു പറഞ്ഞു.
ലൂക്കൊ. 22 വായിക്കുക
കേൾക്കുക ലൂക്കൊ. 22
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊ. 22:47-71
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ