പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ അടുത്തു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുന്നതിനാൽ അവനെ കൊല്ലുവാനുള്ള കാരണങ്ങൾ അന്വേഷിച്ചു. എന്നാൽ പന്ത്രണ്ടു ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉള്ള ഈസ്കര്യോത്താ യൂദയിൽ സാത്താൻ കടന്നു: അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്ക് കാണിച്ചു കൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു. അവർക്ക് സന്തോഷമായി. യൂദയ്ക്ക് പണം കൊടുക്കാം എന്നു സമ്മതിച്ചു. അവൻ അവർക്ക് വാക്ക് കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്ത് അവനെ കാണിച്ചുകൊടുക്കുവാൻ അവസരം അന്വേഷിച്ചുപോന്നു. പെസഹ കുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ ആയപ്പോൾ യേശു പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹാ കഴിക്കുവാൻ ഒരുക്കുവിൻ എന്നു പറഞ്ഞു. ”ഞങ്ങൾ എവിടെ ഒരുക്കേണം?” എന്നു അവർ ചോദിച്ചു. അതിന്:നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്ക് എതിരെ വരും; അവൻ പോകുന്ന വീട്ടിലേക്ക് നിങ്ങളും ചെല്ലുക. വീട്ടുടയവനോട്: ഞാൻ എന്‍റെ ശിഷ്യന്മാരുമായി പെസഹാ കഴിക്കുവാനുള്ള സ്ഥലം എവിടെ എന്നു ഗുരു നിന്നോട് ചോദിക്കുന്നു എന്നു പറയുക. അവൻ മുകളിലത്തെ നിലയിൽ വിരിച്ചൊരുക്കിയ ഒരു വലിയ മുറി കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോട് പറഞ്ഞു. അവർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ടു പെസഹാ ഒരുക്കി. സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന് ഇരുന്നു. അവൻ അവരോട്: ഞാൻ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിക്കുവാൻ വളരെ ആഗ്രഹിച്ചു. അത് ദൈവരാജ്യത്തിൽ പൂർത്തിയാകുന്നതു വരെ ഞാൻ ഇനി അത് കഴിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ. ദൈവരാജ്യം വരുന്നത് വരെ ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതൽ കുടിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു: ഇതു നിങ്ങൾക്ക് വേണ്ടി നല്കുന്ന എന്‍റെ ശരീരം; എന്‍റെ ഓർമ്മയ്ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു. അതുപോലെ തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്ക് വേണ്ടി ചൊരിയുന്ന എന്‍റെ രക്തത്തിലെ പുതിയനിയമം ആകുന്നു. എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവനും എന്നോടൊപ്പം ഈ മേശയ്ക്കരികിൽ ഉണ്ട്. ദൈവിക പദ്ധതിക്കനുസരിച്ച് മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം എന്നു പറഞ്ഞു.”ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും” എന്നു ശിഷ്യന്മാർ തമ്മിൽതമ്മിൽ ചോദിച്ചു തുടങ്ങി. തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി. യേശു അവരോട് പറഞ്ഞത്: ജനതകളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു. നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ മൂത്തവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ. ആരാകുന്നു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവൻ ആണ് വലിയവൻ. ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു. നിങ്ങൾ ആകുന്നു എന്‍റെ പരീക്ഷകളിൽ എന്നോടുകൂടെ ഉണ്ടായിരുന്നവർ. എന്‍റെ പിതാവ് രാജ്യത്തിന്‍റെ അധികാരം നൽകി എന്നെ നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങളെയും നിയമിക്കുന്നു. നിങ്ങൾ എന്‍റെ രാജ്യത്തിൽ എന്നോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായം വിധിക്കുകയും ചെയ്യും.
ലൂക്കൊ. 22 വായിക്കുക
കേൾക്കുക ലൂക്കൊ. 22
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊ. 22:1-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ