ലൂക്കൊ. 2:21-40

ലൂക്കൊ. 2:21-40 IRVMAL

ശിശുവിനെ പരിച്ഛേദന ചെയ്യേണ്ട എട്ടാം ദിവസം, അവൻ ഗർഭത്തിൽ ഉല്പാദിക്കുന്നതിനു മുമ്പെ ദൂതൻ പറഞ്ഞിരുന്നതുപോലെ, അവനു യേശു എന്നു പേർ വിളിച്ചു. മോശെയുടെ ന്യായപ്രമാണം അനുസരിച്ചുള്ള അവളുടെ ശുദ്ധീകരണകാലം പൂർത്തിയായപ്പോൾ മാതാപിതാക്കൾ ശിശുവിനെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് യെരൂശലേമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന് വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്‍റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് പോലെ അവനെ കർത്താവിന് അർപ്പിക്കുവാനും, ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കർത്താവിന്‍റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിക്കുവാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി. യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്‍റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്‍റെമേൽ ഉണ്ടായിരുന്നു. കർത്താവിന്‍റെ ക്രിസ്തുവിനെ കാണും മുമ്പെ മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവനു അരുളപ്പാടു ഉണ്ടായിരുന്നു. അവൻ ആത്മാവ് നയിച്ചതനുസരിച്ച് ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന് വേണ്ടി ന്യായപ്രമാണം അനുസരിച്ചുള്ള അനുഷ്ഠാനങ്ങൾ ചെയ്‌വാൻ അമ്മയും അപ്പനും അവനെ അകത്ത് കൊണ്ടുചെന്നപ്പോൾ ശിമ്യോൻ അവനെ കയ്യിൽ എടുത്തു ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനത്തിൽ പറയുന്നതുപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കേണമേ. ജനതകൾക്ക് വെളിപ്പെടുവാനുള്ള പ്രകാശവും നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി നീ സകലജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷയെ എന്‍റെ കണ്ണ് കണ്ടുവല്ലോ” എന്നു പറഞ്ഞു. ഇങ്ങനെ യേശു പൈതലിനെക്കുറിച്ചു പറഞ്ഞത് കൊണ്ടു അവന്‍റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു. പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ച് അവന്‍റെ അമ്മയായ മറിയയോടു: “ഇവൻ യിസ്രായേലിൽ പലരേയും ദൈവത്തിൽ നിന്നു അകലുന്നവരും അടുക്കുന്നവരും ആക്കിത്തീർക്കും. അനേകരുടെ ഹൃദയങ്ങളിലെ വിചാരം വെളിപ്പെടുത്തും. എതിർക്കുന്നവർക്ക് അവൻ ഒരു അടയാളം ആയിരിക്കും. നിന്‍റെ സ്വന്തപ്രാണനിൽക്കൂടി ഒരു വാൾ കടക്കുന്നതു പോലെ നിനക്കു വലിയ പ്രയാസം ഉണ്ടാകും“ എന്നു പറഞ്ഞു. ആശേർ ഗോത്രത്തിൽ ഫനൂവേലിൻ്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ വിവാഹ ശേഷം ഭർത്താവിനോടുകൂടെ ഏഴു വര്‍ഷം ജീവിച്ചു. എൺപത്തിനാല് വര്‍ഷം വിധവയായി ജീവിച്ചു. ഇപ്പോൾ വളരെ വയസ്സു ചെന്നു. ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തുവരുന്നു. ആ സമയത്ത് അവളും അടുത്തുനിന്ന് ദൈവത്തെ സ്തുതിച്ച്, യെരൂശലേമിന്‍റെ വീണ്ടെടുപ്പിനായി കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ച് പ്രസ്താവിച്ചു. കർത്താവിന്‍റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം മറിയയും യോസഫും ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്ക് മടങ്ങിപ്പോയി. പൈതൽ വളർന്ന് ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.