ലൂക്കൊ. 17:1-19

ലൂക്കൊ. 17:1-19 IRVMAL

യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: പാപത്തിന്‍റെ പ്രലോഭനങ്ങൾ നിശ്ചയമായും വരും; എന്നാൽ അവ വരുത്തുന്നവർക്കു അയ്യോ കഷ്ടം. അവൻ ഈ ചെറിയവരിൽ ഒരാളെ പ്രലോഭിപ്പിക്കുന്നതിനേക്കാൾ നല്ലത് ഒരു വലിയ കല്ല് അവന്‍റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നത് ആകുന്നു. അതുകൊണ്ട് നിങ്ങൾ സൂക്ഷിച്ചുകൊള്ളുവിൻ; നിന്‍റെ സഹോദരൻ പാപം ചെയ്താൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോട് ക്ഷമിയ്ക്ക. ഒരു ദിവസത്തിൽ ഏഴു പ്രാവശ്യം നിന്നോട് പാപംചെയ്യുകയും ഏഴുപ്രാവശ്യവും നിന്‍റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോട് ക്ഷമിയ്ക്ക. അപ്പൊസ്തലന്മാർ കർത്താവിനോട്: ”ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ” എന്നു പറഞ്ഞു. അതിന് കർത്താവ് പറഞ്ഞത്: നിങ്ങൾക്ക് ഒരു ചെറിയ കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞു കടലിൽ പോയി വളരുക എന്നു പറഞ്ഞാൽ അത് നിങ്ങളെ അനുസരിക്കും. നിങ്ങളിൽ ആർക്കെങ്കിലും നിലം ഉഴുകയോ ആടിനെ മേയ്ക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു ജോലി കഴിഞ്ഞു വരുമ്പോൾ: നീ പെട്ടെന്ന് തന്നെ വന്നു ഊണിനിരിക്ക എന്നു അവനോട് പറയുകയില്ല: ആദ്യം എനിക്ക് അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുന്നത് വരെ അരകെട്ടി എനിക്ക് ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊൾക എന്നു പറയുകയില്ലേ? തന്നോട് കല്പിച്ചത് ദാസൻ ചെയ്തതുകൊണ്ടു നീ അവനോട് ഒരിയ്ക്കലും നന്ദി പറയുകയില്ല. അതുപോലെ നിങ്ങളോടു കല്പിച്ചത് ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ. ഒരിക്കൽ യേശു യെരൂശലേമിലേക്കുള്ള യാത്രയ്ക്കിടയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽകൂടി കടന്നുപോകുകയായിരുന്നു. അവിടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ പത്തു കുഷ്ഠരോഗികൾ അവനു എതിരെ വന്നു. അവർ ദൂരത്ത് നിന്നുകൊണ്ടു: ”യേശുവേ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ” എന്നു ഉറക്കെ പറഞ്ഞു. യേശു അവരെ കണ്ടിട്ട്: നിങ്ങൾ പോയിപുരോഹിതന്മാർക്കു നിങ്ങളെ തന്നെ കാണിച്ചു കൊടുക്കുക എന്നു പറഞ്ഞു; അങ്ങനെ അവർ പോകുന്ന സമയത്തുതന്നെ അവർ ശുദ്ധരായ്തീർന്നു. അവരിൽ ഒരാൾ തനിക്കു സൌഖ്യംവന്നത് കണ്ടു ഉറക്കെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് തിരിച്ചുവന്നു അവന്‍റെ കാൽക്കൽ കവിണ്ണുവീണു അവനു നന്ദി പറഞ്ഞു; അവൻ ഒരു ശമര്യക്കാരൻ ആയിരുന്നു അപ്പോൾ യേശു അവനോട് ഉത്തരം പറഞ്ഞത്: കുഷ്ഠരോഗത്തിൽ നിന്നു പത്തുപേർ ശുദ്ധരായ്തീർന്നു, എന്നാൽ ബാക്കി ഒമ്പതുപേർ എവിടെ? യെഹൂദനല്ലാത്ത ഈ മനുഷ്യൻ മാത്രമാണ് ദൈവത്തിന് മഹത്വം കൊടുക്കുവാൻ മടങ്ങിവന്നത്; എഴുന്നേറ്റ് പൊയ്ക്കൊൾക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.