ഒരിക്കൽ യേശു ഒരു സ്ഥലത്ത് പ്രാർത്ഥിക്കുകയായിരുന്നു; പ്രാർത്ഥന തീർന്നശേഷം ശിഷ്യന്മാരിൽ ഒരാൾ അവനോട്: ”കർത്താവേ, യോഹന്നാൻ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ” എന്നു പറഞ്ഞു. അവൻ അവരോട് പറഞ്ഞത്: നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുക: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്‍റെ രാജ്യം വരേണമേ; നിന്‍റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഓരോ ദിവസവും തരേണമേ. ഞങ്ങളോട് പാപം ചെയ്ത എല്ലാവരോടും ഞങ്ങളും ക്ഷമിക്കുന്നതിനാൽ ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിലേക്ക് നയിക്കരുതേ; ദുഷ്ടങ്കൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ. പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്ക് അവന്‍റെ അടുക്കൽ ചെന്നു: സ്നേഹിതാ, എനിക്ക് മൂന്നു അപ്പം കടം തരേണം; എന്‍റെ ഒരു സ്നേഹിതൻ തന്‍റെ യാത്രാമദ്ധ്യേ എന്‍റെ അടുക്കൽ വന്നു; അവനു കൊടുക്കുവാൻ എന്‍റെ പക്കൽ ഒന്നും ഇല്ല എന്നു അവനോട് പറഞ്ഞു എന്നു വിചാരിക്കുക: അപ്പോൾ സ്നേഹിതൻ അകത്തുനിന്ന്, എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്‍റെ കൂടെ കിടക്കുന്നു; എഴുന്നേറ്റ് തരുവാൻ എനിക്ക് കഴിയുകയില്ല എന്നു അകത്തുനിന്ന് ഉത്തരം പറഞ്ഞു എന്നു കരുതുക അവൻ സ്നേഹിതനാകയാൽ എഴുന്നേറ്റ് അവനു കൊടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും, അവൻ ലജ്ജകൂടാതെ വീണ്ടുംവീണ്ടും ചോദിക്കുന്നത് കൊണ്ടു എഴുന്നേറ്റ് അവനു ആവശ്യം ഉള്ളത് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്ക് തുറക്കും. യാചിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവനു കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും. ഒരിക്കൽ യേശു ഊമനായ ഒരാളിൽ നിന്നു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു. അവരിൽ ചിലരോ: ”ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നത്” എന്നു പറഞ്ഞു. വേറെ ചിലർ അവനെ പരീക്ഷിക്കാനായി ആകാശത്തുനിന്നു ഒരു അടയാളം അവനോട് ചോദിച്ചു. പക്ഷേ യേശുവിന് അവരുടെ ചിന്തകൾ അറിയാമായിരുന്നു. അതുകൊണ്ട് അവൻ അവരോട് പറഞ്ഞത്: തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം നശിച്ചുപോകും; കുടുംബങ്ങളും നശിക്കും. സാത്താനും തന്നോട് തന്നെ ഛിദ്രിച്ചു എങ്കിൽ, അവന്‍റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ട് പുറത്താക്കുന്നു; അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപതികൾ ആകും. എന്നാൽ ദൈവത്തിന്‍റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു നിശ്ചയം. ബലവാൻ ആയുധം ധരിച്ചു താൻ താമസിക്കുന്ന വീട് കാക്കുമ്പോൾ അവന്‍റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു. അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന രക്ഷാകവചം പിടിച്ചുപറിച്ചു അവന്‍റെ കൊള്ള മുഴുവനും എടുക്കും. എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ട് വെള്ളം ഇല്ലാത്ത പ്രദേശങ്ങളിൽ തണുപ്പ് തിരഞ്ഞുനടക്കുന്നു. കാണാതാകുമ്പോൾ: ഞാൻ വിട്ടുപോന്ന വീട്ടിലേക്ക് മടങ്ങിപ്പോകും എന്നു പറഞ്ഞു ചെല്ലും. അപ്പോൾ അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ട് വരുന്നു; അവയും അതിൽ കടന്നു താമസിച്ചിട്ട് ആ മനുഷ്യന്‍റെ പിന്നത്തെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമാകും. ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്: ”നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ” എന്നു പറഞ്ഞു. അതിന് അവൻ: അല്ല, ദൈവത്തിന്‍റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
ലൂക്കൊ. 11 വായിക്കുക
കേൾക്കുക ലൂക്കൊ. 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊ. 11:1-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ