ലൂക്കൊ. 10:27-37

ലൂക്കൊ. 10:27-37 IRVMAL

അതിന് അവൻ: ”നിന്‍റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണ മനസ്സോടുംകൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ” എന്നു ഉത്തരം പറഞ്ഞു. അവൻ അവനോട്: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും എന്നു പറഞ്ഞു. അവൻ സ്വയം ന്യായീകരിക്കുവാൻ ആഗ്രഹിച്ചിട്ട് യേശുവിനോടു: ”എന്‍റെ കൂട്ടുകാരൻ ആർ?” എന്നു ചോദിച്ചു. യേശു ഉത്തരം പറഞ്ഞത്: ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരിഹോവിലേക്കു പോകുമ്പോൾ കള്ളന്മാർ അവനെ ആക്രമിച്ചു. അവർ അവനെ വസ്ത്രം അഴിച്ച്, മുറിവേല്പിച്ചു, അർദ്ധപ്രാണനായി വിട്ടേച്ചു പോയി. ആ വഴിയായി യാദൃശ്ചികമായി ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ട് മാറി കടന്നുപോയി. അതുപോലെ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ട് മാറി കടന്നുപോയി. എന്നാൽ ഒരു ശമര്യക്കാരൻ അതുവഴി പോകയിൽ അവന്‍റെ അടുക്കൽ എത്തി. അവനെ കണ്ടിട്ട് മനസ്സലിഞ്ഞ് അരികെ ചെന്നു. എണ്ണയും വീഞ്ഞും പകർന്നു അവന്‍റെ മുറിവുകളെ കെട്ടി അവനെ തന്‍റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിൽ കൊണ്ടുപോയി രക്ഷിച്ചു. പിറ്റെ ദിവസം അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന് കൊടുത്തു: ഇവന് ആവശ്യമുള്ള ശുശ്രൂഷ ചെയ്യേണം; അധികം വല്ലതും ചെലവായാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോട് പറഞ്ഞു. കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന് ഈ മൂന്നുപേരിൽ ആർ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു? ”അവനോട് കരുണ കാണിച്ചവൻ” എന്നു അവൻ പറഞ്ഞു. യേശു അവനോട് നീയും പോയി അങ്ങനെ തന്നെ ചെയ്ക എന്നു പറഞ്ഞു.