ലേവ്യ. 26:40-46

ലേവ്യ. 26:40-46 IRVMAL

അവർ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവർ എന്നോട് ദ്രോഹിച്ച ദ്രോഹവും അവർ എനിക്ക് വിരോധമായി നടന്നതുകൊണ്ട് ഞാനും അവർക്ക് വിരോധമായി നടന്ന് അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറയുകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോൾ താഴുകയും അവർ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കുകയും ചെയ്താൽ ഞാൻ യാക്കോബിനോടുള്ള എന്‍റെ നിയമം ഓർക്കും; യിസ്ഹാക്കിനോടുള്ള എന്‍റെ നിയമവും അബ്രാഹാമിനോടുള്ള എന്‍റെ നിയമവും ഞാൻ ഓർക്കും; ദേശത്തെയും ഞാൻ ഓർക്കും. അവർ ദേശം വിട്ടുപോയിട്ട് അവരില്ലാതെ അത് ശൂന്യമായി കിടന്നു തന്‍റെ ശബ്ബത്തുകൾ അനുഭവിക്കും. അവർ എന്‍റെ വിധികളെ ധിക്കരിക്കുകയും അവർക്ക് എന്‍റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ട് അവർ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കും. ”എങ്കിലും അവർ ശത്രുക്കളുടെ ദേശത്ത് ഇരിക്കുമ്പോൾ അവരെ നിർമ്മൂലമാക്കുവാനും അവരോടുള്ള എന്‍റെ നിയമം ലംഘിക്കുവാനും തക്കവണ്ണം ഞാൻ അവരെ ഉപേക്ഷിക്കുകയില്ല, അവരെ വെറുക്കുകയുമില്ല; ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു. ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിനു ജനതകൾ കാൺകെ മിസ്രയീമിൽ നിന്നു ഞാൻ കൊണ്ടുവന്ന അവരുടെ പൂർവ്വികന്മാരോടു ചെയ്ത നിയമം ഞാൻ അവർക്കുവേണ്ടി ഓർക്കും; ഞാൻ യഹോവ ആകുന്നു.” യഹോവ സീനായി പർവ്വതത്തിൽവച്ച് തനിക്കും യിസ്രായേൽമക്കൾക്കും തമ്മിൽ മോശെമുഖാന്തരം വച്ചിട്ടുള്ള നിയമങ്ങളും വിധികളും പ്രമാണങ്ങളും ഇവ ആകുന്നു.