യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “യിസ്രായേൽ മക്കൾ എനിക്ക് ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ച് അഹരോനും അവന്‍റെ പുത്രന്മാരും സൂക്ഷിച്ചു നില്ക്കേണമെന്നും എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം. ഞാൻ യഹോവ ആകുന്നു. “നീ അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ തലമുറകളിൽ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോൾ യിസ്രായേൽ മക്കൾ യഹോവയ്ക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോട് അടുത്താൽ അവനെ എന്‍റെ സന്നിധിയിൽനിന്ന് ഛേദിച്ചുകളയേണം; ഞാൻ യഹോവ ആകുന്നു. ”അഹരോന്‍റെ സന്തതിയിൽ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ലസ്രവക്കാരനോ ആയാൽ അവൻ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുത്; ശവത്താൽ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ട് അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും ഇങ്ങനെ വല്ലതും സ്പർശിക്കുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവൻ ദേഹം വെള്ളത്തിൽ കഴുകിയശേഷം അല്ലാതെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുത്. സൂര്യൻ അസ്തമിച്ചശേഷം അവൻ ശുദ്ധനാകും; പിന്നെ അവനു വിശുദ്ധസാധനങ്ങൾ ഭക്ഷിക്കാം; അത് അവന്‍റെ ആഹാരമല്ലോ. സ്വാഭാവികമായി ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ട് തന്നെത്താൻ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു. ”ആകയാൽ അവർ എന്‍റെ പ്രമാണങ്ങളെ അശുദ്ധമാക്കി തങ്ങളുടെമേൽ പാപം വരുത്തുകയും അതിനാൽ മരിക്കുകയും ചെയ്യാതിരിക്കുവാൻ അവ പ്രമാണിക്കേണം; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു. ”യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുത്; പുരോഹിതന്‍റെ അടുക്കൽ വന്നു പാർക്കുന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുത്. എന്നാൽ പുരോഹിതൻ ഒരുവനെ വിലയ്ക്കു വാങ്ങിയാൽ അവനും വീട്ടിൽ പിറന്നുണ്ടായവനും ഭക്ഷിക്കാം; ഇവർക്ക് അവന്‍റെ ആഹാരം ഭക്ഷിക്കാം. പുരോഹിതന്‍റെ മകൾ പുരോഹിതേതര കുടുംബക്കാരനു ഭാര്യയായാൽ അവൾ വിശുദ്ധസാധനങ്ങളായ വഴിപാട് ഒന്നും ഭക്ഷിക്കരുത്. പുരോഹിതന്‍റെ മകൾ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്‍റെ വീട്ടിലേക്കു തന്‍റെ യൗവനത്തിൽ എന്നപോലെ മടങ്ങിവന്നാൽ അവൾക്ക് അപ്പന്‍റെ ആഹാരം ഭക്ഷിക്കാം; എന്നാൽ യാതൊരു അന്യനും അത് ഭക്ഷിക്കരുത്. ”ഒരുവൻ അബദ്ധവശാൽ വിശുദ്ധസാധനം ഭക്ഷിച്ചുപോയാൽ അവൻ വിശുദ്ധസാധനം അഞ്ചിൽ ഒരംശവും കൂട്ടി പുരോഹിതനു കൊടുക്കേണം. യിസ്രായേൽ മക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധസാധനങ്ങൾ പുരോഹിതന്മാർ അശുദ്ധമാക്കരുത്. യിസ്രായേൽ മക്കളുടെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതിൽ അവരുടെ മേൽ അകൃത്യത്തിൻ്റെ കുറ്റം വരുത്തരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.”
ലേവ്യ. 22 വായിക്കുക
കേൾക്കുക ലേവ്യ. 22
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലേവ്യ. 22:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ