വിലാ. 3:37-58

വിലാ. 3:37-58 IRVMAL

കർത്താവ് കല്പിക്കാതെ ആര്‍ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്? അത്യുന്നതനായ ദൈവത്തിന്‍റെ വായിൽനിന്ന് നന്മയും തിന്മയും പുറപ്പെടുന്നില്ലയോ? ജീവനുള്ള മനുഷ്യൻ നെടുവീർപ്പിടുന്നതെന്ത്? ഓരോരുത്തൻ താന്താന്‍റെ പാപങ്ങളെക്കുറിച്ച് നെടുവീർപ്പിടട്ടെ. നാം നമ്മുടെ നടപ്പ് ആരാഞ്ഞ് ശോധനചെയ്ത് യഹോവയുടെ അടുക്കലേക്ക് തിരിയുക. നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയർത്തുക. ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; അങ്ങ് ക്ഷമിച്ചതുമില്ല. അങ്ങ് കോപം പുതച്ച് ഞങ്ങളെ പിന്തുടർന്ന്, കരുണ കൂടാതെ കൊന്നുകളഞ്ഞു. ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം അങ്ങ് സ്വയം മേഘംകൊണ്ട് മറച്ചു. അങ്ങ് ഞങ്ങളെ ജനതകളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു. ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ് പിളർന്നിരിക്കുന്നു. പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്ക് ഭവിച്ചിരിക്കുന്നു. എന്‍റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം എന്‍റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു. യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കി കടാക്ഷിക്കുവോളം എന്‍റെ കണ്ണ് ഇടവിടാതെ ഒഴുകുന്നു; നിലയ്ക്കുന്നതുമില്ല. എന്‍റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ച് ഞാൻ കാണുന്നത് എന്‍റെ പ്രാണനെ വ്യസനിപ്പിക്കുന്നു. കാരണംകൂടാതെ എന്‍റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു. അവർ എന്‍റെ ജീവനെ കുഴിയിൽ ഇട്ടു നശിപ്പിച്ച്, എന്‍റെ മേൽ കല്ല് എറിഞ്ഞിരിക്കുന്നു. വെള്ളം എന്‍റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു. യഹോവേ, ഞാൻ ആഴമുള്ളകുഴിയിൽ നിന്ന് അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു. ‘എന്‍റെ നെടുവീർപ്പിനും എന്‍റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ’ എന്ന എന്‍റെ പ്രാർത്ഥന അങ്ങ് കേട്ടിരിക്കുന്നു. ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് അടുത്തുവന്ന്: “ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു. കർത്താവേ, അങ്ങ് എന്‍റെ വ്യവഹാരം നടത്തി, എന്‍റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.