പിന്നെ യഹോവ യോശുവയോട് പറഞ്ഞത്: “ഞാൻ മോശെയോടു കൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേൽ എല്ലാം അറിയേണ്ടതിന് ഞാൻ ഇന്ന് അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും. നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്ത് എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക” എന്നും അരുളിച്ചെയ്തു. യോശുവ യിസ്രായേൽ മക്കളോട്: “ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾക്കുവിൻ” എന്നു പറഞ്ഞു. യോശുവ പറഞ്ഞതെന്തെന്നാൽ: “ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട്; അവൻ നിങ്ങളുടെ മുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങൾ ഇതിനാൽ അറിയും. ഇതാ, സർവ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്ക് മുമ്പായി യോർദ്ദാനിലേക്ക് കടക്കുന്നു. ആകയാൽ ഓരോ ഗോത്രത്തിൽ നിന്ന് ഓരോ ആൾ വീതം യിസ്രായേൽ ഗോത്രങ്ങളിൽ നിന്ന് പന്ത്രണ്ട് പേരെ തെരഞ്ഞെടുക്കുവിൻ. സർവ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞ് മേൽനിന്ന് ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും.” അങ്ങനെ ജനം യോർദ്ദാൻ കടക്കുവാൻ തങ്ങളുടെ കൂടാരങ്ങളിൽനിന്ന് പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിന് മുമ്പായി പെട്ടകം ചുമന്നുകൊണ്ട് യോർദ്ദാനരികെ വന്നു. കൊയ്ത്തുകാലത്തൊക്കെയും യോർദ്ദാൻ തീരമെല്ലാം കവിഞ്ഞ് ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്ത് മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്ക് നിന്നു; സാരെഥാന് സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബായിലെ കടലായ ഉപ്പുകടലിലേക്ക് വെള്ളം വാർന്നുപോയി; ജനം യെരീഹോവിന് സമീപം മറുകര കടന്നു. യിസ്രായേൽ ജനമൊക്കെയും യോർദ്ദാൻ കടന്നുതീരുവോളം യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു. യിസ്രായേൽ ജനമൊക്കെയും ഉണങ്ങിയ നിലത്തുകൂടി യോർദ്ദാന്റെ അക്കരെ കടന്നു.
യോശുവ 3 വായിക്കുക
കേൾക്കുക യോശുവ 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോശുവ 3:7-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ