യോശുവ 24:13-28

യോശുവ 24:13-28 IRVMAL

നിങ്ങൾ അധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്ക് തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോട്ടങ്ങളുടെയും ഫലം നിങ്ങൾ അനുഭവിക്കുന്നു. “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ട് അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പീൻ. നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ ഫ്രാത്ത് നദിക്കക്കരെയും മിസ്രയീമിലുംവെച്ച് സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നെ സേവിക്കയും ചെയ്‌വിൻ. യഹോവയെ സേവിക്കുന്നതു നന്നല്ലെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഫ്രാത്ത് നദിക്കക്കരെവെച്ച് നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്ന് തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്‍റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” അതിന് ജനം ഉത്തരം പറഞ്ഞത്: “യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിക്കുവാൻ ഞങ്ങൾക്ക് ഒരുനാളും ഇടയാകാതിരിക്കട്ടെ. ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് ഞങ്ങൾക്കുവേണ്ടി വലിയ അടയാളങ്ങൾ പ്രവർത്തിക്കയും ഞങ്ങൾ നടന്ന എല്ലാ വഴിയിലും ഞങ്ങൾ കടന്നുപോന്ന സകലജനതകളുടെ ഇടയിലും ഞങ്ങളെ കാത്തുരക്ഷിക്കയും ചെയ്തത് ദൈവമായ യഹോവ തന്നെയല്ലോ. ദേശത്ത് പാർത്തിരുന്ന അമോര്യർ മുതലായ സകലജനതകളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനത്രേ ഞങ്ങളുടെ ദൈവം.” യോശുവ ജനത്തോടു പറഞ്ഞത്: “നിങ്ങൾക്ക് യഹോവയെ സേവിക്കുവാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല. നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പെ നിങ്ങൾക്ക് നന്മചെയ്തതുപോലെ അവൻ തിരിഞ്ഞ് നിങ്ങൾക്ക് തിന്മചെയ്ത് നിങ്ങളെ സംഹരിക്കും.” ജനം യോശുവയോട്: “അല്ല, നിശ്ചയമായും ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും” എന്നു പറഞ്ഞു. യോശുവ ജനത്തോട്: “യഹോവയെ സേവിക്കേണ്ടതിന് നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന് നിങ്ങൾ തന്നെ സാക്ഷികൾ” എന്നു പറഞ്ഞു. “അതേ, ഞങ്ങൾ തന്നെ സാക്ഷികൾ” എന്നു അവർ പറഞ്ഞു. “ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ് യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്ക് നിങ്ങളുടെ ഹൃദയം ചായിപ്പീൻ” എന്നു അവൻ പറഞ്ഞു. ജനം യോശുവയോട്: “ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്‍റെ വാക്കു ഞങ്ങൾ അനുസരിക്കും” എന്നു പറഞ്ഞു. അങ്ങനെ യോശുവ അന്ന് ശെഖേമിൽ വച്ചു യിസ്രായേൽ ജനവുമായി ഒരു ഉടമ്പടിചെയ്തു; അവർക്ക് ചട്ടങ്ങളും നിയമങ്ങളും നൽകി. പിന്നെ യോശുവ ഈ വചനങ്ങൾ എല്ലാം ദൈവത്തിന്‍റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്ത് അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിനരികെയുള്ള കരുവേലക മരത്തിൻ കീഴെ നാട്ടി. യോശുവ സകലജനത്തോടും പറഞ്ഞത്: “ഇതാ, ഈ കല്ല് നമുക്കു മധ്യേ സാക്ഷിയായിരിക്കും; അത് യഹോവ നമ്മോട് കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങൾ ദൈവത്തെ നിഷേധിച്ചാൽ അത് നിങ്ങൾക്കെതിരെ സാക്ഷിയായിരിക്കും.” ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്ക് പറഞ്ഞയച്ചു.