ഇയ്യോ. 42:1-9

ഇയ്യോ. 42:1-9 IRVMAL

അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്: “നിനക്കു സകലവും കഴിയുമെന്നും നിന്‍റെ ഉദ്ദേശ്യമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു. അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നവനാര്‍? അങ്ങനെ എനിക്ക് അറിഞ്ഞുകൂടാത്തവിധം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി. കേൾക്കേണമേ; ഞാൻ സംസാരിക്കും; ഞാൻ നിന്നോട് ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ. ഞാൻ നിന്നെക്കുറിച്ച് ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോൾ, എന്‍റെ കണ്ണിനാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു.” യഹോവ ഈ വചനങ്ങൾ ഇയ്യോബിനോട് അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോട് അരുളിച്ചെയ്തത്: “നിന്നോടും നിന്‍റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്‍റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ല. ആകയാൽ നിങ്ങൾ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്‍റെ ദാസനായ ഇയ്യോബിന്‍റെ അടുക്കൽ കൊണ്ടുചെന്ന് നിങ്ങൾക്ക് വേണ്ടി ഹോമയാഗം അർപ്പിക്കുവിൻ; എന്‍റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്‍റെ മുഖം ആദരിച്ച് നിങ്ങളുടെ മൂഢതയ്ക്കു തക്കവണ്ണം നിങ്ങളോട് ചെയ്യാതിരിക്കും; എന്‍റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ലല്ലോ.” അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്നു യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്‍റെ മുഖത്തെ ആദരിച്ചു.