ഇയ്യോ. 1:6-12

ഇയ്യോ. 1:6-12 IRVMAL

ഒരു ദിവസം ദൂതന്മാര്‍ യഹോവയുടെ സന്നിധിയിൽ നിൽക്കുവാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു. യഹോവ സാത്താനോട്: “നീ എവിടെനിന്ന് വരുന്നു” എന്നു ചോദിച്ചു. അതിന് സാത്താൻ യഹോവയോട്: “ഞാൻ ഭൂമി മുഴുവനും ചുറ്റി സഞ്ചരിച്ചിട്ട് വരുന്നു” എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോട്: “എന്‍റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്നു അരുളിച്ചെയ്തു. അതിന് സാത്താൻ യഹോവയോട്: “ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത് വെറുതെയല്ല? അങ്ങ് അവനും അവന്‍റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടിയിട്ടില്ലയോ? അങ്ങ് അവന്‍റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്‍റെ മൃഗസമ്പത്ത് ദേശത്ത് പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്ന് തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്നു ഉത്തരം പറഞ്ഞു. ദൈവം സാത്താനോട്: “ഇതാ, അവനുള്ളതൊക്കെയും നിന്‍റെ കയ്യിൽ ഇരിക്കുന്നു; അവന്‍റെമേൽ മാത്രം കയ്യേറ്റം ചെയ്യരുത്” എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ട് പുറപ്പെട്ടുപോയി.