യോഹ. 8:1-30

യോഹ. 8:1-30 IRVMAL

യേശു ഒലിവുമലയിലേക്ക് പോയി. അതികാലത്ത് അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്‍റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചു. അപ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു അവരുടെ നടുവിൽ നിർത്തി അവനോട്: “ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നെ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്ത് പറയുന്നു?“ എന്നു ചോദിച്ചു. ഇതു അവനെ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം കിട്ടേണ്ടതിന് അവനെ പരീക്ഷിച്ച് ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു. അവർ അവനോട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നപ്പോൾ അവൻ നിവർന്നു: ‘നിങ്ങളിൽ പാപമില്ലാത്തവൻ ആകട്ടെ ആദ്യം അവളെ ഒരു കല്ല് എറിയുന്നവൻ’ എന്നു അവരോട് പറഞ്ഞു. വീണ്ടും അവൻ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു. അവർ ഇതു കേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും അവരുടെ നടുവിൽ നിന്നിരുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവർന്നു അവളോട്:സ്ത്രീയേ, നിന്നെ കുറ്റം ചുമത്തിയവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ? എന്നു ചോദിച്ചു. അതിന്: “ഇല്ല കർത്താവേ“ എന്നു അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി മേൽ പാപം ചെയ്യരുത് എന്നു യേശു പറഞ്ഞു. യേശു പിന്നെയും അവരോട് സംസാരിച്ചു: ഞാൻ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു. പരീശന്മാർ അവനോട്: “നീ നിന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറയുന്നു; നിന്‍റെ സാക്ഷ്യം സത്യമല്ല“ എന്നു പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ എന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറഞ്ഞാലും എന്‍റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല. നിങ്ങൾ മാനുഷിക നിയമങ്ങൾക്കനുസരിച്ച് വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്‍റെ വിധി സത്യമാകുന്നു. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ. ഞാൻ എന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു. അവർ അവനോട്: “നിന്‍റെ പിതാവ് എവിടെ?“ എന്നു ചോദിച്ചു. അതിന് യേശു: നിങ്ങൾ എന്നെ ആകട്ടെ എന്‍റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്‍റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തിനരികെവെച്ച് ഈ വചനം പറഞ്ഞു; അവന്‍റെ നാഴിക അതുവരെയും വന്നിട്ടില്ലാത്തതുകൊണ്ട് ആരും അവനെ പിടിച്ചില്ല. അവൻ പിന്നെയും അവരോട്: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു പറഞ്ഞു. ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു അവൻ പറഞ്ഞത്; അവൻ തന്നെത്താൻ കൊല്ലുമെന്നാണോ? എന്നു യെഹൂദന്മാർ പറഞ്ഞു. അവൻ അവരോട്: നിങ്ങൾ താഴെനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല. ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ‘ഞാൻ ആകുന്നു’ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു. അവർ അവനോട്: “നീ ആർ ആകുന്നു?“ എന്നു ചോദിച്ചു. അതിന് യേശു: ആദിമുതൽ ഞാൻ നിങ്ങളോടു പറഞ്ഞിരുന്നത് തന്നെ. നിങ്ങളെക്കുറിച്ച് വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്ക് ഉണ്ട്; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനിൽനിന്ന് കേട്ടതായ ഈ കാര്യങ്ങൾ തന്നെ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു. പിതാവിനെക്കുറിച്ച് ആകുന്നു അവൻ തങ്ങളോട് പറഞ്ഞത് എന്നു അവർ ഗ്രഹിച്ചില്ല. ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ‘ഞാൻ ആകുന്നു’ അവൻ എന്നും ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും നിങ്ങൾ അറിയും. എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്‌പ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. അവൻ ഈ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അനേകർ അവനിൽ വിശ്വസിച്ചു.