യോഹ. 7:32-53

യോഹ. 7:32-53 IRVMAL

പുരുഷാരം അവനെക്കുറിച്ച് ഇങ്ങനെ പിറുപിറുക്കുന്നു എന്നു പരീശന്മാർ കേട്ടപ്പോൾ അവനെ പിടിക്കേണ്ടതിന് മഹാപുരോഹിതന്മാരും പരീശന്മാരും പടയാളികളെ അയച്ചു. അപ്പോൾ യേശു: ഞാൻ ഇനി കുറച്ചുനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവൻ്റെ അടുക്കൽ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും എന്നാൽ കണ്ടെത്തുകയില്ല; ഞാൻ പോകുന്നിടത്തേക്ക് വരുവാൻ നിങ്ങൾക്ക് കഴിയുകയുമില്ല എന്നു പറഞ്ഞു. അത് കേട്ടിട്ടു യെഹൂദന്മാർ: “നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്ക് പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിക്കുവാൻ ഭാവമോ? നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ പോകുന്നിടത്ത് വരുവാൻ നിങ്ങൾക്ക് കഴിയുകയുമില്ല എന്നു ഈ പറഞ്ഞവാക്ക് എന്ത്?“ എന്നു തമ്മിൽതമ്മിൽ പറഞ്ഞു. ഉത്സവത്തിന്‍റെ മഹാദിനമായ ഒടുവിലത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്‍റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവൻ്റെ ഉള്ളിൽനിന്ന് തിരുവെഴുത്ത് പറയുന്നതുപോലെ ജീവജലത്തിൻ്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചാകുന്നു പറഞ്ഞത്; അതുവരെ ആത്മാവിനെ നൽകപ്പെട്ടിട്ടില്ലായിരുന്നു എന്തുകൊണ്ടെന്നാൽ യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നു. പുരുഷാരത്തിൽ പലരും ആ വാക്ക് കേട്ടിട്ടു: “ഇതു തീർച്ചയായും ആ പ്രവാചകൻ ആകുന്നു“ എന്നു പറഞ്ഞു. മറ്റുചിലർ: “ഇവൻ ക്രിസ്തു ആകുന്നു“ എന്നു പറഞ്ഞു എന്നാൽ വേറെ ചിലർ: “ഗലീലയിൽ നിന്നാണോ ക്രിസ്തു വരുന്നത്?“ എന്നു പറഞ്ഞു. ദാവീദിന്‍റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്-ലേഹേമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്ത് പറയുന്നില്ലയോ എന്നും പറഞ്ഞു. അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി. അവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്‍റെമേൽ കൈ വെച്ചില്ല. ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോട്: “നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത് എന്ത്? എന്നു ചോദിച്ചതിന്: “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല“ എന്നു ചേവകർ ഉത്തരം പറഞ്ഞു. പരീശന്മാർ അവരോട്: “നിങ്ങളെയും വഴിതെറ്റിച്ചുവോ? അധികാരികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ? ന്യായപ്രമാണം അറിയാത്ത ഈ പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു“ എന്നു ഉത്തരം പറഞ്ഞു. മുമ്പൊരിക്കൽ യേശുവിന്‍റെ അടുക്കൽ വന്നിരുന്നവനും പരീശന്മാരിൽ ഒരുവനുമായ നിക്കോദെമോസ് അവരോട്: “ഒരു മനുഷ്യന്‍റെ വാമൊഴി ആദ്യം കേട്ടു, അവൻ ചെയ്യുന്നതു ഇന്നത് എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ“ എന്നു പറഞ്ഞു. അവർ അവനോട്: “നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഒരു പ്രവാചകനും ഗലീലയിൽ നിന്നു വരുന്നില്ലല്ലോ“ എന്നു ഉത്തരം പറഞ്ഞു. അങ്ങനെ ഓരോരുത്തൻ താന്താന്‍റെ വീട്ടിൽപോയി.