അതിനുശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ആയതുകൊണ്ട് യേശു യെരൂശലേമിലേക്കു പോയി. യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ചു മണ്ഡപം ഉണ്ട്. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ട് കിടന്നിരുന്നു. അതത് സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏത് വ്യാധിപിടിച്ചവനായിരുന്നാലും അവനു സൌഖ്യംവരും. എന്നാൽ മുപ്പത്തെട്ടു വർഷമായി രോഗംപിടിച്ച് കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നത് യേശു കണ്ടു, ഇങ്ങനെ അവൻ അവിടെ വളരെ കാലമായിരിക്കുന്നു എന്നറിഞ്ഞ്: നിനക്കു സൌഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോട് ചോദിച്ചു. രോഗി അവനോട്: “യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നെ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്ക് മുമ്പായി ഇറങ്ങുന്നു“ എന്നു ഉത്തരം പറഞ്ഞു. യേശു അവനോട്: എഴുന്നേറ്റ് നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൌഖ്യമായി തന്റെ കിടക്ക എടുത്തു നടന്നു. എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോട്: “ഇന്ന് ശബ്ബത്ത് ആകുന്നു; കിടക്ക ചുമക്കുവാൻ നിനക്കു അനുവാദമില്ല“ എന്നു പറഞ്ഞു. അവൻ അവരോട്: “എന്നെ സൌഖ്യമാക്കിയവൻ കിടക്ക എടുത്തു നടക്ക“ എന്നു എന്നോട് പറഞ്ഞു എന്നു ഉത്തരം പറഞ്ഞു. അവർ അവനോട്: “കിടക്ക എടുത്തു നടക്ക എന്നു നിന്നോട് പറഞ്ഞ മനുഷ്യൻ ആർ?“ എന്നു ചോദിച്ചു. എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്ന് സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല. അനന്തരം യേശു അവനെ ദൈവാലയത്തിൽവച്ച് കണ്ടു അവനോട്: നോക്കൂ, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായത് ഭവിക്കാതിരിക്കുവാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു. ആ മനുഷ്യൻ പോയി തന്നെ സൌഖ്യമാക്കിയത് യേശു ആണെന്ന് യെഹൂദന്മാരോട് അറിയിച്ചു. യേശു ശബ്ബത്തിൽ അത് ചെയ്തതുകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു. യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു. ആകയാൽ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവ് ചെയ്തു കാണുന്നത് അല്ലാതെ പുത്രന് സ്വയമായി ഒന്നും ചെയ്വാൻ കഴിയുകയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അപ്രകാരം തന്നെ ചെയ്യുന്നു. പിതാവ് പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടത്തക്കവിധം ഇവയിൽ വലിയ പ്രവൃത്തികളും അവനു കാണിച്ചുകൊടുക്കും. പിതാവ് മരിച്ചവരെ ഉയിർത്തെഴുന്നേല്പിച്ച് അവർക്ക് ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്ക് ജീവൻ നൽകുന്നു. എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന് പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന് കൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിയ്ക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്ക് കടന്നിരിക്കുന്നു.
യോഹ. 5 വായിക്കുക
കേൾക്കുക യോഹ. 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹ. 5:1-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ