യോഹ. 4:13-26

യോഹ. 4:13-26 IRVMAL

യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവനെല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല, മറിച്ച് ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: “യജമാനനേ, എനിക്ക് ദാഹിക്കാതെയും ഞാൻ വെള്ളംകോരുവാൻ ഇവിടേക്ക് വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്ക് തരേണം“ എന്നു പറഞ്ഞു. യേശു അവളോട്: പോയി നിന്‍റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു. എനിക്ക് ഭർത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: എനിക്ക് ഭർത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി. അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ നിന്‍റെ ഭർത്താവല്ല; നീ പറഞ്ഞത് ശരി തന്നെ എന്നു യേശു പറഞ്ഞു. സ്ത്രീ അവനോട്: “യജമാനനേ, നീ ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു. ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ ആരാധിച്ചുവന്നു; എന്നാൽ ആരാധിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു“ എന്നു പറഞ്ഞു. യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്നെ വിശ്വസിക്ക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള സമയം വരുന്നു. നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നത്. സത്യനമസ്ക്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ ആരാധിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവ് ആഗ്രഹിക്കുന്നു. ദൈവം ആത്മാവ് ആകുന്നു; അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം. സ്ത്രീ അവനോട്: “മശീഹ എന്നുവച്ചാൽ ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും“ എന്നു പറഞ്ഞു. യേശു അവളോട്: നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെ മശീഹ എന്നു പറഞ്ഞു.