യോഹ. 3:10-17

യോഹ. 3:10-17 IRVMAL

യേശു അവനോട് ഉത്തരം പറഞ്ഞത്:നീ യിസ്രായേലിന്‍റെ ഉപദേഷ്ടാവായിരുന്നിട്ടും ഈ കാര്യങ്ങളൊന്നും മനസ്സിലാകുന്നില്ലയോ? ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കുകയും കണ്ടത് സാക്ഷീകരിക്കയും ചെയ്യുന്നു; എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ അംഗീകരിക്കുന്നില്ല. ഭൂമിയിലുള്ള കാര്യങ്ങളെ കുറിച്ച് ഞാൻ നിങ്ങളോടു പറഞ്ഞിട്ട് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ള കാര്യങ്ങൾ നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല. മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്നെ. തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്‍റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവൻ മുഖാന്തരം രക്ഷിയ്ക്കപ്പെടുവാനത്രേ.