യോഹ. 11:1-29

യോഹ. 11:1-29 IRVMAL

എന്നാൽ ലാസർ എന്നു പേരുള്ള ഒരുവൻ ദീനമായ്ക്കിടന്നിരുന്നു. ഇവൻ മറിയയുടെയും അവളുടെ സഹോദരിയായ മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിൽ നിന്നുള്ളവനായിരുന്നു. ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്‍റെ തലമുടികൊണ്ട് അവന്‍റെ കാൽ തുടച്ചത്. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നത്. ആ സഹോദരിമാർ യേശുവിന്‍റെ അടുക്കൽ ആളയച്ചു: “കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു“ എന്നു പറയിച്ചു. യേശു അത് കേട്ടിട്ടു: ഈ ദീനം മരണത്തിൽ അവസാനിക്കുവാനായിട്ടല്ല, മറിച്ച് ദൈവത്തിന്‍റെ മഹത്വത്തിനും അത് മുഖാന്തരം ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനുമായിട്ടത്രേ എന്നു പറഞ്ഞു. യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു. അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടപ്പോൾ താൻ ആയിരുന്ന സ്ഥലത്ത് രണ്ടു ദിവസംകൂടി പാർത്തു. അതിന്‍റെശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോട്: “റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നെ നിന്നെ കല്ലെറിയുവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ?“ എന്നു ചോദിച്ചു. അതിന് യേശു: ഒരു ദിവസത്തിൽ പന്ത്രണ്ടു മണിക്കൂർ വെളിച്ചം ഇല്ലയോ? പകൽ സമയത്ത് നടക്കുന്നവൻ പകൽവെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല. രാത്രിയിൽ നടക്കുന്നവനോ അവനു വെളിച്ചം ഇല്ലാത്തതുകൊണ്ട് ഇടറുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു പറഞ്ഞതിനുശേഷം അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉറക്കത്തിൽനിന്ന് ഉണർത്തുവാൻ പോകുന്നു എന്നു അവരോട് പറഞ്ഞു. ശിഷ്യന്മാർ അവനോട്: “കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവനു സൌഖ്യംവരും“ എന്നു പറഞ്ഞു. യേശു അവന്‍റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞത്; എന്നാൽ വിശ്രമിക്കുന്ന ഉറക്കത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് അവർ വിചാരിച്ചു. അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി; ഞാൻ അവിടെ ഇല്ലാതിരുന്നതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; നാം അവന്‍റെ അടുക്കൽ പോക എന്നു പറഞ്ഞു. ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോട്: “അവനോടുകൂടെ മരിക്കേണ്ടതിന് നാമും പോക“ എന്നു പറഞ്ഞു. യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ട് നാലുദിവസമായി എന്നു അറിഞ്ഞു. ബേഥാന്യ യെരൂശലേമിനരികെ ഏകദേശം പതിനഞ്ചു നാഴിക ദൂരത്തായിരുന്നു. അനേകം യെഹൂദന്മാർ മാർത്തയെയും മറിയയെയും അവരുടെ സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിന് അവരുടെ അടുക്കൽ വന്നിരുന്നു. യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മാർത്ത ചെന്നു അവനെ കണ്ടു; എന്നാൽ മറിയയോ വീട്ടിൽത്തന്നെ ഇരുന്നു. മാർത്ത യേശുവിനോടു: “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്‍റെ സഹോദരൻ മരിക്കയില്ലായിരുന്നു. ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു“ എന്നു പറഞ്ഞു. യേശു അവളോട്: നിന്‍റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോട്: “ഒടുവിലത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു“ എന്നു പറഞ്ഞു. യേശു അവളോട്: ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. അവൾ അവനോട്: “ഉവ്വ്, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നെ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു“ എന്നു പറഞ്ഞിട്ട് പോയി, തന്‍റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: “ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു“ എന്നു പറഞ്ഞു. അവൾ കേട്ട ഉടനെ എഴുന്നേറ്റ് അവന്‍റെ അടുക്കൽ ചെന്നു.