ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ, ഈ വചനം, ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവന്‍റെ പേരു യോഹന്നാൻ. താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറവാൻ തന്നെ അവൻ വന്നു. യോഹന്നാൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറയേണ്ടുന്നവനായിട്ടത്രേ അവൻ വന്നത്. എല്ലാവരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ തന്‍റെ സ്വന്തമായതിലേക്ക് വന്നു; സ്വന്തജനങ്ങളോ അവനെ സ്വീകരിച്ചില്ല. അവനെ കൈക്കൊണ്ട് അവന്‍റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡിക ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്. വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്‍റെ തേജസ്സ് പിതാവിൽ നിന്നു വന്ന ഏകജാതനായവൻ്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ച് സാക്ഷീകരിച്ചു: എന്‍റെ പിന്നാലെ വരുന്നവൻ എനിക്ക് മുമ്പനായി തീർന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ എന്നു വിളിച്ചുപറഞ്ഞു. അവന്‍റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയിൽ ഇരിക്കുന്ന, ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. “നീ ആർ?“ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന് യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്‍റെ അടുക്കൽ അയച്ചപ്പോൾ അവന്‍റെ സാക്ഷ്യം എന്തെന്നാൽ അവൻ മറുപടി പറയാൻ വിസമ്മതിക്കാതെ, ‘ഞാൻ ക്രിസ്തു അല്ല’ എന്നു വ്യക്തമായി ഏറ്റുപറഞ്ഞു. അവർ അവനോട് ചോദിച്ചു, “എങ്കിൽ പിന്നെ ആരാണ് നീ? നീ ഏലിയാവോ?“ എന്നു അവനോട് ചോദിച്ചതിന്: “അല്ല“ എന്നു അവൻ പറഞ്ഞു. “നീ ആ പ്രവാചകനോ?“ എന്നതിന്: “അല്ല“ എന്നു അവൻ ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവനോട്: “നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിന് നീ നിന്നെക്കുറിച്ച് തന്നെ എന്ത് പറയുന്നു?“ എന്നു ചോദിച്ചു. അതിന് അവൻ: “യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്‍റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ ശബ്ദം ആകുന്നു ഞാൻ എന്നു പറഞ്ഞു.“ അവിടെ പരീശന്മാരുടെ കൂട്ടത്തിൽനിന്ന് അയച്ചവർ ഉണ്ടായിരുന്നു. അവർ അവനോട്: “നീ ക്രിസ്തുവല്ല, ഏലിയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നത് എന്ത്?“ എന്നു ചോദിച്ചു. അതിന് യോഹന്നാൻ: “ഞാൻ വെള്ളംകൊണ്ട് സ്നാനപ്പെടുത്തുന്നു; എന്നാൽ നിങ്ങൾ തിരിച്ചറിയാത്ത ഒരുവൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ട്; എന്‍റെ പിന്നാലെ വരുന്നവൻ തന്നെ; അവന്‍റെ ചെരിപ്പിന്‍റെ വാറ് അഴിക്കുവാൻ ഞാൻ യോഗ്യൻ അല്ല“ എന്നു ഉത്തരം പറഞ്ഞു. ഇവ യോർദ്ദാനക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബെഥാന്യയിൽ സംഭവിച്ചു.
യോഹ. 1 വായിക്കുക
കേൾക്കുക യോഹ. 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹ. 1:1-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ