അന്ന് രാത്രി യഹോവ അവനോട് കല്പിച്ചത്: “നിന്‍റെ അപ്പന്‍റെ ഏഴുവയസ്സുള്ളതും ഇളയതുമായ രണ്ടാമത്തെ കാളയെ യാഗം കഴിക്കേണ്ടതിനു അപ്പന്‍റെ ബാല്‍ ബലിപീഠം ഇടിച്ചു, അതിന്നരികെയുള്ള അശേരാപ്രതിഷ്ഠ വെട്ടിക്കളക. അതിനുശേഷം ഈ പാറമേൽ നിന്‍റെ ദൈവമായ യഹോവയുടെ നിയമപ്രകാരം ഒരു യാഗപീഠം പണിത് ആ കാളയെ എടുത്ത് നീ വെട്ടിക്കളയുന്ന വിഗ്രഹത്തിന്‍റെ വിറകുകൊണ്ട് ഹോമയാഗം കഴിക്ക.“ ഗിദെയോൻ തന്‍റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോട് കല്പിച്ചതുപോലെ ചെയ്തു. എന്നാൽ അവൻ തന്‍റെ പിതാവിന്‍റെ ഭവനക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ട് പകൽ സമയത്ത് ചെയ്യാതെ രാത്രിയിൽ ചെയ്തു. പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്‍റെ ബലിപീഠം ഇടിഞ്ഞിരിക്കുന്നതും അതിന്നരികെയുള്ള വിഗ്രഹം വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിന്മേൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു. ഇതു ചെയ്തത് ആരെന്ന് അവർ തമ്മിൽതമ്മിൽ ചോദിച്ചു; അന്വേഷിച്ചപ്പോൾ യോവാശിന്‍റെ മകനായ ഗിദെയോൻ ആകുന്നു എന്ന് മനസ്സിലായി. പട്ടണക്കാർ യോവാശിനോട്: “നിന്‍റെ മകനെ പുറത്തുകൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്‍റെ ബലിപീഠം ഇടിച്ച് അതിനരികെ ഉണ്ടായിരുന്ന വിഗ്രഹത്തെ വെട്ടിക്കളഞ്ഞിരിക്കുന്നു“ എന്നു പറഞ്ഞു. യോവാശ് തനിക്കു ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞത്: “ബാലിന് വേണ്ടി നിങ്ങളാണോ വാദിക്കുന്നത്? നിങ്ങളാണോ അവനെ രക്ഷിക്കുന്നത്? അവന് വേണ്ടി വാദിക്കുന്നവൻ ഇന്ന് രാവിലെ തന്നെ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്‍റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ട്, താൻ തന്നെ തന്‍റെ കാര്യം വാദിക്കട്ടെ.“ ഇവൻ അവന്‍റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ “ബാല്‍ ഇവന്‍റെ നേരെ വാദിക്കട്ടെ“ എന്നു പറഞ്ഞ് അവന് അന്ന് “യെരുബ്ബാൽ“ എന്നു പേരിട്ടു. അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കെദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേൽതാഴ്വരയിൽ പാളയം ഇറങ്ങി. അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്‍റെ മേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്‍റെ അടുക്കൽ വിളിച്ചുകൂട്ടി. അവൻ മനശ്ശെയിൽ എല്ലായിടവും ദൂതന്മാരെ അയച്ചു; അവരെയും തന്‍റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേർ, സെബൂലൂൻ, നഫ്താലി എന്നിവിടങ്ങളിലും ദൂതന്മാരെ അയച്ചു; അവരും അവരോട് ചേർന്നു. അപ്പോൾ ഗിദെയോൻ ദൈവത്തോട്: “അങ്ങ് അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്‍റെ കയ്യാൽ രക്ഷിക്കുമെങ്കിൽ, ഇതാ ഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവർത്തിയിടുന്നു; മഞ്ഞ് തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ അങ്ങ് അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്‍റെ കയ്യാൽ രക്ഷിക്കുമെന്ന് ഞാൻ അറിയും“ എന്നു പറഞ്ഞു. അങ്ങനെ തന്നെ സംഭവിച്ചു; അവൻ പിറ്റെന്ന് അതികാലത്ത് എഴുന്നേറ്റ് തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു പാത്രം നിറെച്ചെടുത്തു. ഗിദെയോൻ പിന്നെയും ദൈവത്തോട്: “അടിയനോട് കോപിക്കരുതേ; ഞാൻ ഒരിക്കൽ കൂടി സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ടു ഒരു തവണ കൂടി പരീക്ഷിപ്പാൻ അനുവദിക്കേണമേ; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ ഇടയാക്കേണമേ“ എന്നു പറഞ്ഞു. അന്ന് രാത്രി ദൈവം അങ്ങനെ തന്നെ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ട് നനഞ്ഞുമിരുന്നു.
ന്യായാ. 6 വായിക്കുക
കേൾക്കുക ന്യായാ. 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ന്യായാ. 6:25-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ