അപ്പോൾ യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തവ ചെയ്തു ബാല്‍ വിഗ്രഹങ്ങളെ സേവിച്ചു. തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ച്, ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്നു നമസ്കരിച്ചു, യഹോവയെ കോപിപ്പിച്ചു. അവർ യഹോവയെ ഉപേക്ഷിച്ച് ബാലിനെയും അസ്തോരെത്ത് ദേവിയേയും പ്രതിഷ്ഠകളെയും സേവിച്ചു. യഹോവ യിസ്രായേലിന്‍റെ നേരെ ഏറ്റവുമധികം കോപിച്ചു; അവരെ കവർച്ചചെയ്യേണ്ടതിന് അവിടുന്ന് അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്പിച്ചു; ചുറ്റുമുള്ള ശത്രുക്കൾക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്‍ക്കാൻ അവർക്ക് പിന്നെ കഴിഞ്ഞില്ല. യഹോവ സത്യംചെയ്ത് അവരോട് അരുളിച്ചെയ്തിരുന്നതുപോലെ, യഹോവയുടെ കൈ അവർ ചെന്നിടത്തൊക്കെയും, അനർത്ഥം വരത്തക്കവണ്ണം അവർക്ക് വിരോധമായിരുന്നു; അവർ മഹാകഷ്ടത്തിലാകുകയും ചെയ്തു. എന്നിരുന്നാലും യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരിൽ നിന്ന് അവരെ രക്ഷിച്ചു. എന്നാലും അവർ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോട് ഇടകലർന്ന് അവയെ നമസ്കരിച്ചു; യഹോവയുടെ കല്പനകൾ അനുസരിച്ച് നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളിൽ നടക്കാതെ അതിൽ നിന്ന് വേഗം മാറിപ്പോയി. യഹോവ അവർക്ക് ന്യായാധിപന്മാരെ എഴുന്നേല്പിച്ചപ്പോൾ, അവിടുന്ന്, അതാത് ന്യായാധിപനോടു കൂടെയിരുന്ന് അവന്‍റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചിരുന്നു. എന്തെന്നാൽ തങ്ങളെ ഉപദ്രവിച്ച് പീഡിപ്പിക്കുന്നവരുടെ നിമിത്തമുള്ള അവരുടെ നിലവിളിയിങ്കൽ യഹോവയ്ക്ക് മനസ്സലിവ് തോന്നിയിരുന്നു. എന്നാൽ ആ ന്യായാധിപന്‍റെ മരണശേഷം അവർ വീണ്ടും അന്യദൈവങ്ങളെ സേവിച്ചും നമസ്കരിച്ചും കൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചിരുന്നു. അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിട്ടിരുന്നില്ല. അങ്ങനെ യഹോവ യിസ്രായേലിനോട് ഏറ്റവുമധികം കോപിച്ചു: “ഈ ജനം അവരുടെ പിതാക്കന്മാരോട് ഞാൻ കല്പിച്ചിട്ടുള്ള എന്‍റെ നിയമം ലംഘിച്ച് എന്‍റെ വാക്ക് കേൾക്കായ്കയാൽ അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും നടക്കുമോ ഇല്ലയോ എന്ന് യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്, യോശുവ മരിക്കുമ്പോൾ നശിപ്പിക്കാതെ വിട്ട ജാതികളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു. അങ്ങനെ യഹോവ ആ ജനതകളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കയ്യിൽ ഏല്പിക്കാതെയുമിരുന്നു.
ന്യായാ. 2 വായിക്കുക
കേൾക്കുക ന്യായാ. 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ന്യായാ. 2:11-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ