“ഞാൻ, ഞാൻ തന്നെ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ മരിച്ചുപോകുന്ന മർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആര്‍? ആകാശത്തെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്‍റെ സ്രഷ്ടാവായ യഹോവയെ നീ മറക്കുകയും പീഡകൻ നശിപ്പിക്കുവാൻ ഒരുങ്ങിവരുന്നു എന്നു വിചാരിച്ച് അവന്‍റെ ക്രോധം നിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കുകയും ചെയ്യുന്നതെന്ത്? പീഡകന്‍റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ തടവറയിൽ മരിക്കുകയില്ല; അവന്‍റെ ആഹാരത്തിന് മുട്ടുവരുകയുമില്ല. തിരകൾ അലറുവാൻ തക്കവിധം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്‍റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്‍റെ നാമം. ഞാൻ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്ക് അടിസ്ഥാനം ഇടുകയും സീയോനോട്: ‘നീ എന്‍റെ ജനം’ എന്നു പറയുകയും ചെയ്യേണ്ടതിന് ഞാൻ എന്‍റെ വചനങ്ങളെ നിന്‍റെ വായിൽ ആക്കി എന്‍റെ കൈയുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു.” യഹോവയുടെ കൈയിൽനിന്ന് അവന്‍റെ ക്രോധത്തിന്‍റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്കുക; പരിഭ്രമമാകുന്ന പാനപാത്രത്തിന്‍റെ മട്ട് നീ കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു. അവൾ പ്രസവിച്ച സകലപുത്രന്മാരിലും അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല; അവൾ വളർത്തിയ എല്ലാമക്കളിലും അവളെ കൈക്കു പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല. ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോട് ആര്‍ സഹതാപം കാണിക്കും? ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ? നിന്‍റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ വീഥികളുടെ തലയ്ക്കലെല്ലാം കിടക്കുന്നു; അവർ യഹോവയുടെ ക്രോധവും നിന്‍റെ ദൈവത്തിന്‍റെ ശാസനയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് പീഢ അനുഭവിക്കുന്നവളും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയവളേ, ഇതു കേട്ടുകൊള്ളുക. നിന്‍റെ കർത്താവായ യഹോവയും അവിടുത്തെ ജനത്തിന്‍റെ വ്യവഹാരം നടത്തുന്ന നിന്‍റെ ദൈവവും ആയവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ പരിഭ്രമത്തിന്‍റെ പാനപാത്രം, എന്‍റെ ക്രോധമാകുന്ന പാനപാത്രത്തിന്‍റെ മട്ട് തന്നെ, നിന്‍റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അത് കുടിക്കുകയില്ല; ‘കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ’ എന്നു അവർ നിന്നോട് പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവർക്കു നീ നിന്‍റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടി വന്നുവല്ലോ. എന്നാൽ നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യിൽ ഞാൻ ഈ പാനപാത്രം കൊടുക്കും.”
യെശ. 51 വായിക്കുക
കേൾക്കുക യെശ. 51
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെശ. 51:12-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ