യെശ. 48:12-19

യെശ. 48:12-19 IRVMAL

യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്‍റെ വാക്കു കേൾക്കുക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു. എന്‍റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു; എന്‍റെ വലംകൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ സകലവും ഉളവായിവരുന്നു.” നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊള്ളുവിൻ; അവരിൽ ആര്‍ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോട് അവിടുത്തെ ഹിതവും കൽദയരോട് അവന്‍റെ ഭുജബലവും അനുഷ്ഠിക്കും. ഞാൻ, ഞാൻ തന്നെ പ്രസ്താവിക്കുന്നു; ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്‍റെ വഴി സാദ്ധ്യമാകും. നിങ്ങൾ അടുത്തുവന്ന് ഇതുകേൾക്കുവിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളത്; അതിന്‍റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ട്.” ഇപ്പോൾ യഹോവയായ കർത്താവ് എന്നെയും അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു. യിസ്രായേലിന്‍റെ പരിശുദ്ധനും നിന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ശുഭകരമായി പ്രവർത്തിക്കുവാൻ നിന്നെ അഭ്യസിപ്പിക്കുകയും നീ പോകേണ്ട വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്‍റെ ദൈവമായ യഹോവ ഞാൻ തന്നെ. അയ്യോ, നീ എന്‍റെ കല്പനകൾ കേട്ടനുസരിച്ചെങ്കിൽ കൊള്ളാമായിരുന്നു! എന്നാൽ നിന്‍റെ സമാധാനം നദിപോലെയും നിന്‍റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു. നിന്‍റെ സന്തതി മണൽപോലെയും നിന്‍റെ ഗർഭഫലം മണൽതരിപോലെയും ആകുമായിരുന്നു. നിന്‍റെ പേര് എന്‍റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോവുകയോ ചെയ്യുകയില്ലായിരുന്നു.”