യെശ. 45:1-7

യെശ. 45:1-7 IRVMAL

യഹോവ തന്‍റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനു ജനതകളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും കതകുകൾ അവനു തുറന്നിരിക്കേണ്ടതിനും വാതിലുകൾ അടയാതിരിക്കേണ്ടതിനും ഞാൻ അവന്‍റെ വലംകൈ പിടിച്ചിരിക്കുന്നു: “ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർക്കുകയും ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളയുകയും ചെയ്യും. നിന്നെ പേര്‍ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്‍റെ ദൈവം തന്നെ എന്നു നീ അറിയേണ്ടതിന് ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും. എന്‍റെ ദാസനായ യാക്കോബ് നിമിത്തവും എന്‍റെ വൃതനായ യിസ്രായേൽനിമിത്തവും ഞാൻ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതിരിക്കെ ഞാൻ നിന്നെ ഓമനപ്പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്‍റെ അര മുറുക്കിയിരിക്കുന്നു. സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു തന്നെ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.