ഹബ. 3:13-19

ഹബ. 3:13-19 IRVMAL

അങ്ങേയുടെ ജനത്തിന്‍റെയും അങ്ങേയുടെ അഭിഷിക്തന്‍റെയും രക്ഷക്കായിട്ട് അങ്ങ് പുറപ്പെടുന്നു; അങ്ങ് ദുഷ്ടന്‍റെ വീടിന്‍റെ മുകൾഭാഗം തകർത്ത്, അടിസ്ഥാനം മുഴുവനും അനാവൃതമാക്കി. സേലാ. അങ്ങ് അവന്‍റെ കുന്തങ്ങൾകൊണ്ട് അവന്‍റെ യോദ്ധാക്കളുടെ നായകന്മാരുടെ തല കുത്തിത്തുളക്കുന്നു; എന്നെ ചിതറിക്കേണ്ടതിന് അവർ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവിൽവച്ച് വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു. അങ്ങേയുടെ കുതിരകളോടുകൂടി അങ്ങ് സമുദ്രത്തിൽ, പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു. ഞാൻ കേട്ടു എന്‍റെ ഉദരം കുലുങ്ങിപ്പോയി, ആ ശബ്ദം കാരണം എന്‍റെ അധരം വിറച്ചു; അവൻ ജനത്തെ ആക്രമിക്കുവാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട് എന്‍റെ അസ്ഥികൾ ഉരുകി, ഞാൻ നിന്ന നിലയിൽ വിറച്ചുപോയി. അത്തിവൃക്ഷം തളിർക്കുകയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല; ഒലിവുമരത്തിന്‍റെ പ്രയത്നം നിഷ്ഫലമായിപ്പോകും; നിലങ്ങൾ ആഹാരം വിളയിക്കുകയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്‍റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. യഹോവയായ കർത്താവ് എന്‍റെ ബലം ആകുന്നു; കർത്താവ് എന്‍റെ കാൽ പേടമാൻ കാലുപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.