ഉല്പ. 42:1-13

ഉല്പ. 42:1-13 IRVMAL

മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് യാക്കോബ് അറിഞ്ഞപ്പോൾ തന്‍റെ പുത്രന്മാരോട്: “നിങ്ങൾ തമ്മിൽതമ്മിൽ നോക്കിനില്ക്കുന്നത് എന്ത്? മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്നു അവിടെനിന്നു നമുക്കു ധാന്യം വാങ്ങുവിൻ” എന്നു പറഞ്ഞു. യോസേഫിന്‍റെ സഹോദരന്മാർ പത്തുപേർ മിസ്രയീമിൽ ധാന്യം വാങ്ങുവാൻ പോയി. എന്നാൽ യോസേഫിന്‍റെ അനുജനായ ബെന്യാമീന് “ഒരുപക്ഷേ വല്ല ആപത്തും സംഭവിക്കും” എന്നു പറഞ്ഞ് യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല. അങ്ങനെ ധാന്യം വാങ്ങുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്‍റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ. യോസേഫ് ദേശത്തിന് അധിപതിയായിരുന്നു; അവൻ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റത്; യോസേഫിന്‍റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു. യോസേഫ് തന്‍റെ സഹോദരന്മാരെ കണ്ടപ്പോൾ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ച് അവരോടു കഠിനമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്ന് വരുന്നു” എന്നു അവരോടു ചോദിച്ചു. അതിന്: “ആഹാരം വാങ്ങുവാൻ കനാൻദേശത്തുനിന്നു വരുന്നു” എന്നു അവർ പറഞ്ഞു. യോസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല. യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്തു അവരോട്: “നിങ്ങൾ ചാരന്മാരാകുന്നു; ദേശത്തിന്‍റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു” എന്നു പറഞ്ഞു. അവർ അവനോട്: “അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം വാങ്ങുവാൻ വന്നിരിക്കുന്നു; ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ സത്യസന്ധരാകുന്നു; അടിയങ്ങൾ ചാരന്മാരല്ല” എന്നു പറഞ്ഞു. അവൻ അവരോട്: “അല്ല, നിങ്ങൾ ദേശത്തിന്‍റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു. അതിന് അവർ: “അടിയങ്ങൾ കനാൻ ദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ട് സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്ന് ഞങ്ങളുടെ അപ്പന്‍റെ അടുക്കൽ ഉണ്ട്; ഒരുവൻ ഇപ്പോൾ ഇല്ല” എന്നു പറഞ്ഞു.

ഉല്പ. 42:1-13 - നുള്ള വീഡിയോ