രണ്ടു വർഷം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടത് എന്തെന്നാൽ: അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽ നിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപവുമായ വേറെ ഏഴു പശുക്കള്‍ നദിയിൽനിന്നു കയറി, നദീതീരത്തു മറ്റെ പശുക്കളുടെ അരികിൽ നിന്നു. മെലിഞ്ഞും വിരൂപവുമായ പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു. അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പെട്ടെന്ന് പൊങ്ങിവന്നു. അവയുടെ പിന്നാലെ ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. ശോഷിച്ച ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അത് സ്വപ്നം എന്നു അറിഞ്ഞു. പ്രഭാതത്തിൽ അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ച് വരുത്തി അവരോട് തന്‍റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിക്കുവാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി ഫറവോനോട് പറഞ്ഞത്: “ഇന്ന് ഞാൻ എന്‍റെ കുറ്റം ഓർക്കുന്നു. ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രധാനിയെയും അംഗരക്ഷാനായകൻ്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ. അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽ വ്യത്യസ്ത അർത്ഥമുള്ള സ്വപ്നങ്ങൾ കണ്ടു; അവിടെ അംഗരക്ഷാനായകൻ്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോട് അറിയിച്ചപ്പോൾ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന് അവനവന്‍റെ സ്വപ്നത്തിന്‍റെ അർത്ഥം പറഞ്ഞുതന്നു. അവൻ അർത്ഥം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു; എന്നെ വീണ്ടും യഥാസ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിക്കൊല്ലുകയും ചെയ്തുവല്ലോ.” ഉടനെ ഫറവോൻ ആളയച്ച് യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗം തടവറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്തു, വസ്ത്രം മാറി, ഫറവോന്‍റെ അടുക്കൽ ചെന്നു. ഫറവോൻ യോസേഫിനോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; അത് വ്യാഖ്യാനിക്കുവാൻ ആരുമില്ല; എന്നാൽ ഒരു സ്വപ്നം വിവരിച്ചു കേട്ടാൽ നീ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ച് ഞാൻ കേട്ടിരിക്കുന്നു” എന്നു പറഞ്ഞു. അതിന് യോസേഫ് ഫറവോനോട്: “ഞാനല്ല ദൈവം തന്നെ ഫറവോന് ശുഭമായോരു ഉത്തരം നല്കും” എന്നു പറഞ്ഞു.
ഉല്പ. 41 വായിക്കുക
കേൾക്കുക ഉല്പ. 41
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉല്പ. 41:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ