ഉല്പ. 31:43-55

ഉല്പ. 31:43-55 IRVMAL

ലാബാൻ യാക്കോബിനോട്: “പുത്രിമാർ എന്‍റെ പുത്രിമാർ, മക്കൾ എന്‍റെ മക്കൾ, ആട്ടിൻകൂട്ടം എന്‍റെ ആട്ടിൻകൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതുതന്നെ; ഈ എന്‍റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്ന് എന്ത് ചെയ്യും? അതുകൊണ്ട് വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്യുക; അത് എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു. അപ്പോൾ യാക്കോബ് ഒരു കല്ല് എടുത്തു തൂണായി നിർത്തി. “കല്ലുകൾ കൂട്ടുവിൻ” എന്നു യാക്കോബ് തന്‍റെ സഹോദരന്മാരോട് പറഞ്ഞു; അവർ കല്ലുകൾ എടുത്ത് ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽവച്ച് അവർ ഭക്ഷണം കഴിച്ചു. ലാബാൻ അതിന് യെഗർ-സഹദൂഥാ എന്നു പേരിട്ടു; എന്നാൽ യാക്കോബ് അതിന് ഗലേദ് എന്നു പേരിട്ടു. “ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മദ്ധ്യേ സാക്ഷി” എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ട് അതിന് ഗലേദ് എന്നും മിസ്പാഎന്നും പേരായി: “നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും മദ്ധ്യേ കാവലായിരിക്കട്ടെ. നീ എന്‍റെ പുത്രിമാരെ ഉപദ്രവിക്കുകയോ എന്‍റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ സ്വീകരിക്കുകയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നെ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി” എന്നു അവൻ പറഞ്ഞു. ലാബാൻ പിന്നെയും യാക്കോബിനോട്: “ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിർത്തിയ തൂൺ. ദോഷത്തിനായി ഞാൻ ഈ കൂമ്പാരം കടന്നു നിന്‍റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്ന് എന്‍റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന് ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി. അബ്രാഹാമിന്‍റെ ദൈവവും നാഹോരിൻ്റെ ദൈവവും അവരുടെ പിതാവിന്‍റെ ദൈവവുമായവൻ നമുക്കു മദ്ധ്യേ വിധിക്കട്ടെ” എന്നു പറഞ്ഞു. യാക്കോബ് തന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ഭയമായവനെച്ചൊല്ലി സത്യംചെയ്തു. പിന്നെ യാക്കോബ് പർവ്വതത്തിൽ യാഗം അർപ്പിച്ചു ഭക്ഷണം കഴിക്കുവാൻ തന്‍റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പർവ്വതത്തിൽ രാത്രിപാർത്തു. ലാബാൻ അതിരാവിലെ എഴുന്നേറ്റ് തന്‍റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.

ഉല്പ. 31:43-55 - നുള്ള വീഡിയോ