ഉല്പ. 3:14-24

ഉല്പ. 3:14-24 IRVMAL

യഹോവയായ ദൈവം പാമ്പിനോട് കല്പിച്ചത്: “നീ ഇത് ചെയ്തതുകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ച് നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഇഴഞ്ഞ് നിന്‍റെ ജീവിതാവസാനത്തോളം നീ പൊടി തിന്നും. ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത ഉണ്ടാക്കും. അവൻ നിന്‍റെ തല തകർക്കും; നീ അവന്‍റെ കുതികാൽ തകർക്കും.” സ്ത്രീയോട് കല്പിച്ചത്: “ഞാൻ നിനക്കു ഗർഭധാരണ ക്ലേശം ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്‍റെ ആഗ്രഹം നിന്‍റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും.” ആദാമിനോട് കല്പിച്ചതോ: “നീ നിന്‍റെ ഭാര്യയുടെ വാക്ക് അനുസരിക്കുകയും തിന്നരുതെന്ന് ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ട് നിന്‍റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്ക്കാലം മുഴുവൻ നീ കഷ്ടതയോടെ അതിൽനിന്ന് ഉപജീവനം കഴിക്കും. മുള്ളും പറക്കാരയും അതിൽനിന്ന് മുളയ്ക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുംവരെ മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” ജീവനുള്ള എല്ലാവർക്കും മാതാവായതുകൊണ്ട് ആദാം തന്‍റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു. യഹോവയായ ദൈവം ആദാമിനും അവന്‍റെ ഭാര്യയ്ക്കും തോൽകൊണ്ട് വസ്ത്രം ഉണ്ടാക്കി അവരെ ധരിപ്പിച്ചു. യഹോവയായ ദൈവം: “നോക്കൂ, മനുഷ്യൻ നന്മതിന്മകളെ അറിയുവാൻ തക്കവിധം നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈ നീട്ടി ജീവവൃക്ഷത്തിൻ്റെ ഫലം കൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിക്കുവാൻ ഇടവരരുത്” എന്നു കല്പിച്ചു. അവനെ എടുത്തിരുന്ന നിലത്ത് കൃഷി ചെയ്യേണ്ടതിന് യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി. ഇങ്ങനെ ദൈവം മനുഷ്യനെ ഇറക്കിവിട്ടു; ജീവന്‍റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാവൽചെയ്യുവാൻ അവിടുന്ന് ഏദെൻ തോട്ടത്തിന് കിഴക്ക് കെരൂബുകളെ എല്ലാ വശത്തേക്കും തിരിഞ്ഞുകൊണ്ടിരിക്കുന്ന ജ്വാലയുള്ള വാളുമായി നിർത്തി.

ഉല്പ. 3:14-24 - നുള്ള വീഡിയോ