ഉല്പ. 29:1-14

ഉല്പ. 29:1-14 IRVMAL

പിന്നെ യാക്കോബ് യാത്ര തുടർന്ന് പൗരസ്ത്യദേശത്ത് എത്തി. അവൻ വെളിമ്പ്രദേശത്ത് ഒരു കിണർ കണ്ടു. അതിനരികിൽ മൂന്നു ആട്ടിൻകൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നായിരുന്നു ആട്ടിൻകൂട്ടങ്ങൾക്ക് വെള്ളം കൊടുത്തിരുന്നത്; എന്നാൽ കിണറിന്‍റെ തലക്കലുള്ള കല്ല് വലുതായിരുന്നു. ആട്ടിൻകൂട്ടങ്ങൾ വരുമ്പോഴെല്ലാം ഇടയന്മാർ കിണറിന്‍റെ തലക്കൽ നിന്നു കല്ലുരുട്ടി ആടുകൾക്കു വെള്ളം കൊടുക്കുകയും കല്ല് തലയ്ക്കൽ അതിന്‍റെ സ്ഥലത്തുതന്നെ തിരികെ വയ്ക്കുകയും ചെയ്യും. യാക്കോബ് അവരോട്: “സഹോദരന്മാരേ, നിങ്ങൾ എവിടെനിന്ന് വരുന്നു?” എന്നു ചോദിച്ചു. അതിന്: “ഞങ്ങൾ ഹാരാനിൽനിന്ന് വരുന്നു” എന്നു അവർ പറഞ്ഞു. അവൻ അവരോട്: “നിങ്ങൾ നാഹോരിൻ്റെ മകനായ ലാബാനെ അറിയുമോ?” എന്നു ചോദിച്ചു. അതിന്: “അറിയും” എന്നു അവർ പറഞ്ഞു. അവൻ അവരോട്: “അവൻ സുഖമായിരിക്കുന്നുവോ?” എന്നു ചോദിച്ചു. “സുഖം തന്നെ; അവന്‍റെ മകൾ റാഹേൽ അതാ ആടുകളോടുകൂടി വരുന്നു” എന്നു അവർ അവനോട് പറഞ്ഞു. “പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ച് കൂടുന്ന സമയമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ” എന്നു അവൻ പറഞ്ഞു. അതിന് അവർ: “കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു സാദ്ധ്യമല്ല; അവർ കിണറിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും” എന്നു പറഞ്ഞു. അവൻ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ റാഹേൽ തന്‍റെ അപ്പന്‍റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചിരുന്നത്. തന്‍റെ അമ്മയുടെ സഹോദരനായ ലാബാൻ്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാൻ്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്നു കിണറിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടി, അമ്മയുടെ സഹോദരനായ ലാബാൻ്റെ ആടുകൾക്കു വെള്ളം കൊടുത്തു. യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു. താൻ അവളുടെ അപ്പന്‍റെ ബന്ധുവും റിബെക്കായുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്‍റെ അപ്പനെ അറിയിച്ചു. ലാബാൻ തന്‍റെ സഹോദരിയുടെ മകനായ യാക്കോബിന്‍റെ വിവരം കേട്ടപ്പോൾ അവനെ എതിരേൽക്കുവാൻ ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു. ലാബാൻ അവനോട്: “നീ എന്‍റെ അസ്ഥിയും മാംസവും തന്നെ” എന്നു പറഞ്ഞു. അവൻ ഒരു മാസക്കാലം അവന്‍റെ അടുക്കൽ താമസിച്ചു.

ഉല്പ. 29:1-14 - നുള്ള വീഡിയോ