ഉല്പ. 24:28-67

ഉല്പ. 24:28-67 IRVMAL

ബാലിക ഓടിച്ചെന്ന് അമ്മയുടെ വീട്ടുകാരെ ഈ കാര്യങ്ങൾ അറിയിച്ചു. റിബെക്കായ്ക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു; അവനു ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറിനരികെ ആ പുരുഷന്‍റെ അടുക്കൽ ഓടിച്ചെന്നു. അവൻ മൂക്കുത്തിയും സഹോദരിയുടെ കൈയ്യിൽ വളകളും കാണുകയും “ആ പുരുഷൻ ഇപ്രകാരം എന്നോട് പറഞ്ഞു” എന്നു തന്‍റെ സഹോദരിയായ റിബെക്കയുടെ വാക്കു കേൾക്കുകയും ചെയ്തപ്പോൾ ആ പുരുഷന്‍റെ അടുക്കൽ ചെന്നു; അവൻ കിണറിനരികെ ഒട്ടകങ്ങളുടെ സമീപത്ത് നിൽക്കുകയായിരുന്നു. അപ്പോൾ ലാബാൻ: “യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്ത് വരിക; എന്തിന് പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങൾക്ക് വയ്ക്കോലും തീനും അവനും കൂടെയുള്ളവർക്കും കാൽ കഴുകുവാൻ വെള്ളവും കൊടുത്തു. അവന്‍റെ മുമ്പിൽ ഭക്ഷണം വച്ചു. എന്നാൽ അവൻ: “ഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കുകയില്ല” എന്നു പറഞ്ഞു. “പറക” എന്നു ലാബാനും പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞത്: “ഞാൻ അബ്രാഹാമിന്‍റെ ദാസൻ. യഹോവ എന്‍റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു; അവൻ മഹാനായിത്തീർന്നു; യഹോവ അവനു ആട്, മാട്, പൊന്ന്, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയൊക്കെയും കൊടുത്തിരിക്കുന്നു. എന്‍റെ യജമാനന്‍റെ ഭാര്യയായ സാറാ വൃദ്ധയായപ്പോൾ എന്‍റെ യജമാനന് ഒരു മകനെ പ്രസവിച്ചു; അവൻ സർവ്വതും അവനു കൊടുത്തിരിക്കുന്നു. ‘ഞാൻ പാർക്കുന്ന കനാൻദേശത്തിലെ കനാന്യകന്യകമാരിൽനിന്നു നീ എന്‍റെ മകനു ഭാര്യയെ എടുക്കാതെ, എന്‍റെ പിതൃഭവനത്തിലും കുടുംബക്കാരുടെ അടുക്കലും ചെന്നു എന്‍റെ മകനു ഭാര്യയെ എടുക്കേണം എന്നു പറഞ്ഞ് എന്‍റെ യജമാനൻ എന്നെക്കൊണ്ട് സത്യംചെയ്യിച്ചു.’ “ഞാൻ എന്‍റെ യജമാനനോട്: ‘പക്ഷേ സ്ത്രീ എന്നോടുകൂടെ പോരുന്നില്ലെങ്കിലോ’ എന്നു പറഞ്ഞതിന് യജമാനൻ എന്നോട്: ‘ഞാൻ സേവിച്ചുപോരുന്ന യഹോവ തന്‍റെ ദൂതനെ നിന്നോടുകൂടെ അയച്ച്, നീ എന്‍റെ കുടുംബത്തിൽനിന്നും പിതൃഭവനത്തിൽ നിന്നും എന്‍റെ മകനു ഭാര്യയെ എടുക്കുവാൻ തക്കവണ്ണം നിന്‍റെ യാത്രയെ സഫലമാക്കും; എന്‍റെ കുടുംബക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; അവർ ബാലികയെ നിനക്കു തന്നില്ല എന്നുവന്നാലും നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും’ എന്നു പറഞ്ഞു. “ഞാൻ ഇന്ന് കിണറിനരികെ വന്നപ്പോൾ പറഞ്ഞത്: ‘എന്‍റെ യജമാനനായ അബ്രാഹാമിന്‍റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; വെള്ളംകോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോട്: “നിന്‍റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്ക് കുടിക്കുവാൻ തരിക” എന്നു പറയുമ്പോൾ, അവൾ എന്നോട്: “കുടിച്ചാലും, ഞാൻ അങ്ങേയുടെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാം” എന്നു പറയുകയും ചെയ്താൽ അവൾ തന്നെ യഹോവ എന്‍റെ യജമാനന്‍റെ മകനു നിയമിച്ച മണവാട്ടിയായിരിക്കട്ടെ.‘ “ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുംമുമ്പ് ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളംകോരി; ഞാൻ അവളോട്: ‘എനിക്ക് കുടിക്കുവാൻ വെള്ളം തരേണം’ എന്നു പറഞ്ഞു. അവൾ വേഗം തോളിൽനിന്നു പാത്രം താഴ്ത്തി: ‘കുടിക്കുക, ഞാൻ നിന്‍റെ ഒട്ടകങ്ങൾക്കും കുടിക്കുവാൻ കൊടുക്കാം’ എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിക്കുവാൻ വെള്ളം കൊടുത്തു. “ഞാൻ അവളോട്: ‘നീ ആരുടെ മകൾ’ എന്നു ചോദിച്ചതിന് അവൾ: ‘മിൽക്കാ നാഹോരിനു പ്രസവിച്ച മകനായ ബെഥൂവേലിൻ്റെ മകൾ’ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിനു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു. ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്‍റെ യജമാനന്‍റെ സഹോദരന്‍റെ മകളെ അവന്‍റെ മകനുവേണ്ടി എടുക്കുവാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായ എന്‍റെ യജമാനൻ അബ്രാഹാമിന്‍റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു. ആകയാൽ നിങ്ങൾ എന്‍റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോട് പറയുവിൻ; അല്ല എന്നു വരികിൽ അതും പറയുവിൻ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.” അപ്പോൾ ലാബാനും ബെഥൂവേലും: “ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയുവാൻ ഞങ്ങൾക്കു കഴിയുകയില്ല. ഇതാ, റിബെക്കാ നിന്‍റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്‍റെ യജമാനന്‍റെ മകനു ഭാര്യയാകട്ടെ” എന്നുത്തരം പറഞ്ഞു. അബ്രാഹാമിന്‍റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു. പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കായ്ക്കു കൊടുത്തു; അവളുടെ സഹോദരനും അമ്മയ്ക്കും വിശേഷവസ്തുക്കൾ കൊടുത്തു. അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനംചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: “എന്‍റെ യജമാനന്‍റെ അടുക്കൽ എന്നെ അയക്കേണം” എന്നു പറഞ്ഞു. അതിന് അവളുടെ സഹോദരനും അമ്മയും: “ബാലിക ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ” എന്നു പറഞ്ഞു. അവൻ അവരോട്: “എന്നെ താമസിപ്പിക്കരുതേ; യഹോവ എന്‍റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്‍റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം” എന്നു പറഞ്ഞു. “ഞങ്ങൾ ബാലികയെ വിളിച്ചു അവളോടു ചോദിക്കട്ടെ” എന്നു അവർ പറഞ്ഞു. അവർ റിബെക്കായെ വിളിച്ച് അവളോട്: “നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ” എന്നു ചോദിച്ചു. “ഞാൻ പോകുന്നു” എന്നു അവൾ പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ പരിചാരികയെയും അബ്രാഹാമിന്‍റെ ദാസനെയും അവന്‍റെ ആളുകളെയും പറഞ്ഞയച്ചു. അവർ റിബെക്കായെ അനുഗ്രഹിച്ചു അവളോട്: “സഹോദരീ, നീ ആയിരം പതിനായിരങ്ങളുടെ അമ്മയായി തീരുക; നിന്‍റെ സന്തതികൾ, അവരെ വെറുക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ” എന്നു പറഞ്ഞു. പിന്നെ റിബെക്കായും അവളുടെ ദാസിമാരും എഴുന്നേറ്റ് ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കായെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ യിസ്ഹാക്ക് ബേർലഹയി-രോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കുകയായിരുന്നു. വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിക്കുവാൻ വിജനസ്ഥലത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നത് കണ്ടു. റിബെക്കായും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ട് ഒട്ടകപ്പുറത്തുനിന്ന് ഇറങ്ങി. അവൾ ദാസനോട്: “വിജനസ്ഥലത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആര്‍” എന്നു ചോദിച്ചതിന് “എന്‍റെ യജമാനൻ തന്നെ” എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി. താൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു. യിസ്ഹാക്ക് അവളെ തന്‍റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കായെ സ്വീകരിച്ചു അവൾ അവനു ഭാര്യയായിത്തീർന്നു; അവൻ അവളെ സ്നേഹിച്ചു. ഇങ്ങനെ യിസ്ഹാക്കിനു തന്‍റെ അമ്മയുടെ മരണദുഃഖത്തിന് ആശ്വാസം ലഭിച്ചു.

ഉല്പ. 24:28-67 - നുള്ള വീഡിയോ