ഉല്പ. 22:6-12

ഉല്പ. 22:6-12 IRVMAL

അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്ത് തന്‍റെ മകനായ യിസ്ഹാക്കിന്‍റെ ചുമലിൽ വച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ച് നടന്നു. അപ്പോൾ യിസ്ഹാക്ക് തന്‍റെ അപ്പനായ അബ്രാഹാമിനോട്: “അപ്പാ,” എന്നു പറഞ്ഞതിന് അവൻ: “എന്താകുന്നു മകനേ” എന്നു പറഞ്ഞു. “ഇതാ, തീയും വിറകുമുണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ?“ എന്നു അവൻ ചോദിച്ചു. “ദൈവം അവിടുത്തേക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ കരുതിക്കൊള്ളും, മകനേ,” എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ച് നടന്നു. ദൈവം കല്പിച്ചിരുന്ന സ്ഥലത്ത് അവർ എത്തി; അവിടെ അബ്രാഹാം ഒരു യാഗപീഠം പണിതു, വിറക് അടുക്കി, തന്‍റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി. പിന്നെ അബ്രാഹാം കൈ നീട്ടി തന്‍റെ മകനെ അറുക്കേണ്ടതിന് കത്തി എടുത്തു. ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു; “ഞാൻ ഇതാ,” എന്നു അവൻ പറഞ്ഞു. “ബാലന്‍റെമേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്‍റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു” എന്നു അവിടുന്ന് അരുളിച്ചെയ്തു.

ഉല്പ. 22:6-12 - നുള്ള വീഡിയോ