പുറ. 4:1-10

പുറ. 4:1-10 IRVMAL

അതിന് മോശെ: “അവർ എന്നെ വിശ്വസിക്കാതെയും എന്‍റെ വാക്ക് കേൾക്കാതെയും: ‘യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല’ എന്നു പറയും” എന്നുത്തരം പറഞ്ഞു. യഹോവ അവനോട്: “നിന്‍റെ കയ്യിൽ ഇരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. “ഒരു വടി” എന്നു അവൻ പറഞ്ഞു. “അത് നിലത്തിടുക” എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അത് ഒരു സർപ്പമായിത്തീർന്നു; മോശെ അതിനെ കണ്ടു ഓടിപ്പോയി. യഹോവ മോശെയോട്: “നിന്‍റെ കൈ നീട്ടി അതിന്‍റെ വാലിൽ പിടിക്കുക” എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അത് അവന്‍റെ കയ്യിൽ വടിയായിത്തീർന്നു. “ഇത് അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന് ആകുന്നു.” യഹോവ പിന്നെയും അവനോട്: “നിന്‍റെ കൈ മാറിടത്തിൽ ഇടുക” എന്നു കല്പിച്ചു. അവൻ കൈ മാറിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോൾ കൈ മഞ്ഞുപോലെ വെളുത്ത് കുഷ്ഠമുള്ളതായി കണ്ടു. “നിന്‍റെ കൈ വീണ്ടും മാറിടത്തിൽ ഇടുക” എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാറിടത്തിൽ ഇട്ടു, മാറിടത്തിൽനിന്ന് പുറത്തെടുത്തപ്പോൾ, അത് വീണ്ടും അവന്‍റെ ശരീരത്തിന്‍റെ മാംസംപോലെ ആയി കണ്ടു. എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം സമ്മതിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും. ഈ രണ്ടടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്‍റെ വാക്ക് കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളംകോരി ഉണങ്ങിയ നിലത്ത് ഒഴിക്കേണം; നദിയിൽ നിന്ന് കോരിയ വെള്ളം ഉണങ്ങിയ നിലത്ത് രക്തമായിത്തീരും.“ മോശെ യഹോവയോട്: “കർത്താവേ, നീ അടിയനോട് സംസാരിച്ചതിന് മുമ്പും അതിനുശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞു.

പുറ. 4:1-10 - നുള്ള വീഡിയോ