പുറ. 2:11-25

പുറ. 2:11-25 IRVMAL

മോശെ മുതിർന്നശേഷം അവൻ തന്‍റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ കഠിനവേല കണ്ടു. തന്‍റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നത് കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്ന് മണലിൽ മറവുചെയ്തു. പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നത് കണ്ടു, അന്യായം ചെയ്തവനോട്: “നിന്‍റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. അതിന് അവൻ: “നിന്നെ ഞങ്ങൾക്ക് പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ?” എന്നു ചോദിച്ചു. അപ്പോൾ കാര്യം പരസ്യമായിപ്പോയല്ലോ എന്നു പറഞ്ഞ് മോശെ പേടിച്ചു. ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്‍റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്ത് ചെന്നു താമസിച്ചു; അവൻ ഒരു കിണറിനരികെ ഇരുന്നു. മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്ന് അപ്പന്‍റെ ആടുകൾക്കു കുടിക്കുവാൻ വെള്ളംകോരി തൊട്ടികൾ നിറച്ചു. എന്നാൽ ഇടയന്മാർ വന്ന് അവരെ ഓടിച്ചു: അപ്പോൾ മോശെ എഴുന്നേറ്റ് അവരെ സഹായിച്ച് അവരുടെ ആടുകളെ കുടിപ്പിച്ചു. അവർ തങ്ങളുടെ അപ്പനായ രെയൂവേലിന്‍റെ അടുക്കൽ വന്നപ്പോൾ: “നിങ്ങൾ ഇന്ന് ഇത്ര വേഗം വന്നത് എങ്ങനെ?” എന്നു അവൻ ചോദിച്ചു. “ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിച്ച്, ഞങ്ങൾക്കു വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു” എന്നു അവർ പറഞ്ഞു. അവൻ തന്‍റെ പുത്രിമാരോട്: “അവൻ എവിടെ? നിങ്ങൾ അവനെ അവിടെ വിട്ടേച്ചു വന്നതെന്ത്? ഭക്ഷണം കഴിക്കുവാൻ അവനെ വിളിക്കുവിൻ” എന്നു പറഞ്ഞു. മോശെയ്ക്ക് അവനോടുകൂടെ താമസിക്കുവാൻ സമ്മതമായി; അവൻ മോശെയ്ക്ക് തന്‍റെ മകൾ സിപ്പോറയെ കൊടുത്തു. അവൾ ഒരു മകനെ പ്രസവിച്ചു: “ഞാൻ അന്യദേശത്ത് പരദേശി ആയിരിക്കുന്നു” എന്നു പറഞ്ഞ് മോശെ അവനു ഗേർശോം എന്നു പേരിട്ടു. കുറെനാൾ കഴിഞ്ഞപ്പോൾ മിസ്രയീമിലെ രാജാവ് മരിച്ചു. യിസ്രായേൽ മക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി. ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമം ഓർത്തു. ദൈവം യിസ്രായേൽ മക്കളെ കടാക്ഷിച്ചു; ദൈവം അവരുടെ സാഹചര്യം അറിഞ്ഞു.

പുറ. 2:11-25 - നുള്ള വീഡിയോ