പുറ. 16:11-19

പുറ. 16:11-19 IRVMAL

യഹോവ മോശെയോട്: “യിസ്രായേൽ മക്കളുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു. നീ അവരോട് സംസാരിച്ചു: നിങ്ങൾ വൈകുന്നേരം മാംസം തിന്നും; പ്രഭാതത്തിൽ അപ്പംകൊണ്ട് തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്നു പറയുക” എന്നു കല്പിച്ചു. വൈകുന്നേരം കാടകൾ വന്ന് പാളയത്തെ മൂടി; പ്രഭാതത്തിൽ പാളയത്തിന്‍റെ ചുറ്റും മഞ്ഞ് വീണുകിടന്നു. വീണുകിടന്ന മഞ്ഞ് മാറിയശേഷം മരുഭൂമിയിൽ എല്ലായിടവും ചെതുമ്പൽപോലെ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്ത് കിടക്കുന്നത് കണ്ടു. യിസ്രായേൽ മക്കൾ അത് കണ്ടപ്പോൾ എന്താണ് എന്നു അറിയാഞ്ഞതുകൊണ്ട് “ഇതെന്ത്” എന്നു തമ്മിൽതമ്മിൽ ചോദിച്ചു. മോശെ അവരോട്: “ഇത് യഹോവ നിങ്ങൾക്ക് ഭക്ഷിക്കുവാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തർക്കും ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിക്കൊള്ളേണം; അവരവരുടെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനനുസരിച്ച് ഒരാൾക്ക് ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യിസ്രായേൽ മക്കൾ അങ്ങനെ ചെയ്തു. ചിലർ കൂടുതലും ചിലർ കുറവും പെറുക്കി. ഇടങ്ങഴികൊണ്ട് അളന്നപ്പോൾ കൂടുതൽ ശേഖരിച്ചവന് കൂടുതലും കുറവ് ശേഖരിച്ചവന് കുറവും കണ്ടില്ല; ഓരോരുത്തരും അവരവർക്ക് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിയിരുന്നു. “പിറ്റേ ദിവസത്തേക്ക് ആരും ഒട്ടും ശേഷിപ്പിക്കരുത്” എന്നു മോശെ പറഞ്ഞു.

പുറ. 16:11-19 - നുള്ള വീഡിയോ