എഫെ. 5:17-33

എഫെ. 5:17-33 IRVMAL

ബുദ്ധിഹീനരാകാതെ കർത്താവിന്‍റെ ഇഷ്ടം ഇന്നതെന്ന് ഗ്രഹിച്ചുകൊള്ളുവിൻ. വീഞ്ഞ് കുടിച്ച് മത്തരാകരുത്; അത് നിങ്ങളെ നാശത്തിലേക്ക് നയിക്കും. മറിച്ച്, ആത്മാവ് നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന് പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്‌പ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊള്ളുവിൻ. ക്രിസ്തുവിനോടുള്ള ബഹുമാനത്തെപ്രതി അന്യോന്യം കീഴ്പെട്ടിരിക്കുവിൻ. ഭാര്യമാരേ, കർത്താവിന് എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്ക് കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്‍റെ രക്ഷിതാവായി സഭയ്ക്ക് തലയാകുന്നതുപോലെ ഭർത്താവ് ഭാര്യയ്ക്കു തലയാകുന്നു. എന്നാൽ സഭ ക്രിസ്തുവിന് കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം. ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും കറ, ചുളുക്കം മുതലായത് ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുന്നിറുത്തേണ്ടതിനും തന്നെത്താൻ അവൾക്ക് വേണ്ടി ഏല്പിച്ചുകൊടുത്തു. അപ്രകാരം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. തന്‍റെ ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്‍റെ ശരീരത്തെ ഒരുനാളും വെറുത്തിട്ടില്ലല്ലോ; മറിച്ച് അവൻ അതിനെ സ്നേഹിച്ച് പോറ്റി പുലർത്തുകയത്രേ ചെയ്യുന്നത്; ഇതുപോലെയാണ് ക്രിസ്തുവും സഭയെ കരുതുന്നത്. നാം അവന്‍റെ ശരീരത്തിന്‍റെ അവയവങ്ങളല്ലോ. അതുനിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. ഈ മർമ്മം വലിയത്; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നത്. എന്നാൽ നിങ്ങളും അങ്ങനെ തന്നെ ഓരോരുത്തൻ താന്താന്‍റെ ഭാര്യയെ തന്നെപ്പോലെ തന്നെ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ബഹുമാനിക്കേണ്ടതാകുന്നു.