സഭാ. 3:1-13

സഭാ. 3:1-13 IRVMAL

എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻ കീഴിലുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്. ജനിക്കുവാൻ ഒരു കാലം, മരിക്കുവാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിക്കുവാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം; ഇടിച്ചുകളയുവാൻ ഒരു കാലം, പണിയുവാൻ ഒരു കാലം, കരയുവാൻ ഒരു കാലം ചിരിക്കുവാൻ ഒരു കാലം; വിലപിക്കുവാൻ ഒരു കാലം, നൃത്തം ചെയ്യുവാൻ ഒരു കാലം; കല്ല് പെറുക്കിക്കളയുവാൻ ഒരു കാലം, കല്ല് പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്യുവാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിക്കുവാൻ ഒരു കാലം; സമ്പാദിക്കുവാൻ ഒരു കാലം, നഷ്ടമാകുവാൻ ഒരു കാലം; സൂക്ഷിച്ചുവയ്ക്കുവാൻ ഒരു കാലം, എറിഞ്ഞുകളയുവാൻ ഒരു കാലം; കീറുവാൻ ഒരു കാലം, തുന്നിച്ചേർക്കുവാൻ ഒരു കാലം; മിണ്ടാതിരിക്കുവാൻ ഒരു കാലം, സംസാരിക്കുവാൻ ഒരു കാലം; സ്നേഹിക്കുവാൻ ഒരു കാലം, ദ്വേഷിക്കുവാൻ ഒരു കാലം; യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന് ഒരു കാലവും ഉണ്ട്. പ്രയത്നിക്കുന്നവന് തന്‍റെ പ്രയത്നംകൊണ്ട് എന്ത് ലാഭം? ദൈവം മനുഷ്യർക്ക് കൊടുത്തിരിക്കുന്ന കഷ്ടപ്പാട് ഞാൻ കണ്ടിട്ടുണ്ട്. അവൻ സകലവും അതതിന്‍റെ സമയത്ത് ഭംഗിയായി ചെയ്തു, നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തി എന്തെന്ന് ഗ്രഹിക്കുവാൻ അവർക്ക് കഴിവില്ല. ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കില്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ച് തന്‍റെ സകലപ്രയത്നത്താലും സുഖം അനുഭവിക്കുന്നത് ദൈവത്തിന്‍റെ ദാനം ആകുന്നു.