“നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിനും നിന്‍റെ ജീവകാലം ഒക്കെയും നീയും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്താനപരമ്പരകളും ദൈവമായ യഹോവയെ ഭയപ്പെട്ട് ഞാൻ നിങ്ങളോട് അറിയിക്കുന്ന എല്ലാ ചട്ടങ്ങളും കല്പനകളും പ്രമാണിക്കുവാനും നിങ്ങൾ ദീർഘായുസ്സോട് കൂടി ഇരിക്കുവാനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഉപദേശിച്ചുതരുവാൻ നൽകിയ കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു. ആകയാൽ യിസ്രായേലേ, നിനക്കു നന്മയുണ്ടാകുവാനും നിന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ ഏറ്റവും വർദ്ധിക്കേണ്ടതിനും നീ കേട്ടു ജാഗ്രതയോടെ അനുസരിച്ചു നടക്കുക. “യിസ്രായേലേ, കേൾക്കുക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ. നിന്‍റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്ന് ഞാൻ നിന്നോട് കല്പിക്കുന്ന ഈ വചനങ്ങൾ നിന്‍റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്‍റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കുകയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കുകയും വേണം. അവ അടയാളമായി നിന്‍റെ കൈമേൽ കെട്ടേണം; അവ നിന്‍റെ കണ്ണുകൾക്ക് മദ്ധ്യേ നെറ്റിപ്പട്ടമായി ധരിക്കേണം. അവ നിന്‍റെ വീടിന്‍റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതേണം. “നിന്‍റെ ദൈവമായ യഹോവ നിനക്കു തരുമെന്ന് അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, എന്നീ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് നിന്നെ കൊണ്ടുചെന്ന്, നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും, നീ നിറക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും, നീ കുഴിക്കാത്ത കിണറുകളും, നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും, നിനക്കു തരുകയും നീ തിന്ന് തൃപ്തി പ്രാപിക്കുകയും ചെയ്യുമ്പോൾ നിന്നെ അടിമവീടായ മിസ്രയീം ദേശത്തുനിന്ന് കൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക.
ആവർ. 6 വായിക്കുക
കേൾക്കുക ആവർ. 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആവർ. 6:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ