ആവർ. 4:9-14

ആവർ. 4:9-14 IRVMAL

കണ്ണുകൊണ്ട് കണ്ട കാര്യങ്ങൾ നീ മറക്കാതെയും നിന്‍റെ ആയുഷ്കാലത്ത് ഒരിക്കലും അവ നിന്‍റെ മനസ്സിൽനിന്ന് വിട്ടുപോകാതെയും ഇരിക്കുവാൻ സൂക്ഷിച്ചു നിന്നെത്തന്നെ ജാഗ്രതയോടെ കാത്തുകൊള്ളുക; നിന്‍റെ മക്കളോടും മക്കളുടെ മക്കളോടും അവ ഉപദേശിക്കേണം. വിശേഷാൽ ഹോരേബിൽ നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം സംഭവിച്ച കാര്യം മറക്കരുത്. അന്നു യഹോവ എന്നോട്: “ജനത്തെ എന്‍റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്‍റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലമെല്ലാം എന്നെ ഭയപ്പെടുവാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കല്പിച്ചുവല്ലോ. അങ്ങനെ നിങ്ങൾ അടുത്തുവന്ന് പർവ്വതത്തിന്‍റെ താഴ്വരയിൽ നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കുമ്പോൾ പർവ്വതത്തിൽ ആകാശമദ്ധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു. യഹോവ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല. നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിന് അവൻ നിങ്ങളോട് കല്പിച്ച തന്‍റെ നിയമമായ പത്തു കല്പനകൾ അവൻ നിങ്ങളെ അറിയിക്കുകയും രണ്ടു കല്പലകകളിൽ എഴുതുകയും ചെയ്തു. നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് അനുസരിച്ച് നടക്കേണ്ട ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കണമെന്ന് യഹോവ അക്കാലത്ത് എന്നോട് കല്പിച്ചു.