ആവർ. 4:5-14

ആവർ. 4:5-14 IRVMAL

നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത്, നിങ്ങൾ അനുസരിച്ച് നടപ്പാനായി എന്‍റെ, ദൈവമായ യഹോവ എന്നോട് കല്പിച്ചതുപോലെ ഞാൻ നിങ്ങളോട് ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു. അവ പ്രമാണിച്ച് നടക്കുവിൻ; ഇത് തന്നെയല്ലോ ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകൾ കേട്ടിട്ടു, ‘ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നെ’ എന്നു പറയും. നാം നമ്മുടെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമ്മോട് അടുത്തിരിക്കുന്നു. ഇതുപോലെ ദൈവം അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന സകല ന്യായപ്രമാണവും പോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു? കണ്ണുകൊണ്ട് കണ്ട കാര്യങ്ങൾ നീ മറക്കാതെയും നിന്‍റെ ആയുഷ്കാലത്ത് ഒരിക്കലും അവ നിന്‍റെ മനസ്സിൽനിന്ന് വിട്ടുപോകാതെയും ഇരിക്കുവാൻ സൂക്ഷിച്ചു നിന്നെത്തന്നെ ജാഗ്രതയോടെ കാത്തുകൊള്ളുക; നിന്‍റെ മക്കളോടും മക്കളുടെ മക്കളോടും അവ ഉപദേശിക്കേണം. വിശേഷാൽ ഹോരേബിൽ നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം സംഭവിച്ച കാര്യം മറക്കരുത്. അന്നു യഹോവ എന്നോട്: “ജനത്തെ എന്‍റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്‍റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലമെല്ലാം എന്നെ ഭയപ്പെടുവാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കല്പിച്ചുവല്ലോ. അങ്ങനെ നിങ്ങൾ അടുത്തുവന്ന് പർവ്വതത്തിന്‍റെ താഴ്വരയിൽ നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കുമ്പോൾ പർവ്വതത്തിൽ ആകാശമദ്ധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു. യഹോവ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല. നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിന് അവൻ നിങ്ങളോട് കല്പിച്ച തന്‍റെ നിയമമായ പത്തു കല്പനകൾ അവൻ നിങ്ങളെ അറിയിക്കുകയും രണ്ടു കല്പലകകളിൽ എഴുതുകയും ചെയ്തു. നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് അനുസരിച്ച് നടക്കേണ്ട ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കണമെന്ന് യഹോവ അക്കാലത്ത് എന്നോട് കല്പിച്ചു.