ആവർ. 32:1-14

ആവർ. 32:1-14 IRVMAL

ആകാശമേ, ചെവിതരുക; ഞാൻ സംസാരിക്കും; ഭൂമി എന്‍റെ വായിൻ വാക്കുകളെ കേൾക്കട്ടെ. മഴപോലെ എന്‍റെ ഉപദേശം പൊഴിയും; എന്‍റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും. ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന് മഹത്വം കൊടുക്കുവിൻ. യഹോവയാകുന്നു പാറ; അവിടുത്തെ പ്രവൃത്തി അത്യുത്തമം. അവിടുത്തെ വഴികൾ ഒക്കെയും ന്യായം; അവിടുന്ന് വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നെ. അവർ അവിടുത്തോട് വഷളത്തം കാണിച്ചു: അവർ സ്വയം കളങ്കപ്പെടുത്തിയതിനാൽ അവിടുത്തെ മക്കളല്ല; വക്രതയും കോട്ടവുമുള്ള തലമുറ തന്നെ. ഭോഷത്തവും അജ്ഞതയുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നത്? അവിടുന്നല്ലയോ നിന്‍റെ പിതാവ്, നിന്‍റെ ഉടയവൻ. അവിടുന്നല്ലയോ നിന്നെ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്തവൻ. പൂർവ്വദിവസങ്ങളെ ഓർക്കുക: മുൻ തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്കുക; നിന്‍റെ പിതാവിനോട് ചോദിക്കുക, അവൻ അറിയിച്ചുതരും; നിന്‍റെ വൃദ്ധന്മാരോട് ചോദിക്കുക, അവർ പറഞ്ഞുതരും. മഹോന്നതൻ ജനതകൾക്ക് അവകാശം വിഭാഗിക്കുകയും മനുഷ്യപുത്രന്മാരെ വേർപിരിക്കുകയും ചെയ്തപ്പോൾ അവിടുന്ന് യിസ്രായേൽ മക്കളുടെ എണ്ണത്തിനു തക്കവണ്ണം ജനതകളുടെ അതിർത്തികൾ നിശ്ചയിച്ചു. യഹോവയുടെ ഓഹരി അവിടുത്തെ ജനവും, യാക്കോബ് അവിടുത്തെ അവകാശവും ആകുന്നു. അവിടുന്ന് മരുഭൂമിയിൽ അവനെ കണ്ടെത്തി, വന്ധ്യമായതും ഓരികേൾക്കുന്നതുമായ ശൂന്യസ്ഥലങ്ങളിൽത്തന്നെ. അവിടുന്ന് അവനെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു, അവിടുന്ന് അവനെ കൺമണിപോലെ കാത്തുസൂക്ഷിച്ചു. കഴുകൻ തന്‍റെ കൂടനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കും പോലെ തൻ ചിറകു വിരിച്ച് അവനെ എടുത്ത് തന്‍റെ ചിറകിന്മേൽ അവനെ വഹിച്ചു. യഹോവ തനിയെ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. അവിടുന്ന് ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ട് അവൻ ഉപജീവിച്ചു. അവനെ പാറയിൽനിന്നുള്ള തേനും തീക്കല്ലിൽനിന്നുള്ള എണ്ണയും കുടിപ്പിച്ചു. കന്നുകാലികളുടെ വെണ്ണയും ആടുകളുടെ പാലും ആട്ടിൻകുട്ടികളുടെ മേദസ്സും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും ഗോതമ്പിൻ കാമ്പും അവനു കൊടുത്തു; നീ മുന്തിരിയുടെ രക്തമായ വീഞ്ഞു കുടിച്ചു.