എന്നാൽ ആ സമയത്ത് ചില കല്ദയർ അടുത്തുവന്ന് യഹൂദന്മാരെ കുറ്റം ചുമത്തി. അവർ നെബൂഖദ്നേസർരാജാവിനെ ബോധിപ്പിച്ചത്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ! രാജാവേ, കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന ഏവനും വീണ് സ്വർണ്ണബിംബത്തെ നമസ്കരിക്കണമെന്നും ആരെങ്കിലും വീണ് നമസ്കരിക്കാതെയിരുന്നാൽ അവനെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുമെന്നും ഒരു തീർപ്പ് കല്പിച്ചുവല്ലോ. ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യഹൂദന്മാരുണ്ടല്ലോ; ഈ പുരുഷന്മാർ രാജാവിനെ കൂട്ടാക്കിയില്ല; അവർ തിരുമനസ്സിലെ ദേവന്മാരെ സേവിക്കുകയോ തിരുമനസ്സുകൊണ്ട് നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുന്നില്ല.“
അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; അവർ ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു. നെബൂഖദ്നേസർ അവരോട് കല്പിച്ചത്: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്‍റെ ദേവന്മാരെ സേവിക്കുകയോ ഞാൻ നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നുള്ളത് സത്യം തന്നെയോ? ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിക്കുവാൻ തയ്യാറായാൽ നന്ന്; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽ തന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്‍റെ കൈയിൽനിന്ന് വിടുവിക്കുവാൻ കഴിയുന്ന ദേവൻ ആര്‍?“
ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട്: “നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറയേണ്ട ആവശ്യമില്ല. ഞങ്ങൾ സേവിക്കുന്ന ദൈവത്തിന് ഞങ്ങളെ വിടുവിക്കുവാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്‍റെ കൈയിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്‍റെ ദേവന്മാരെ സേവിക്കുകയില്ല. രാജാവ് നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കുകയുമില്ല എന്നു അറിഞ്ഞാലും” എന്നു ഉത്തരം പറഞ്ഞു.
അപ്പോൾ നെബൂഖദ്നേസർ കോപപരവശനായി; ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോവിന്‍റെയും നേരെ തന്‍റെ മുഖഭാവം മാറി. തീച്ചൂള പതിവായി ചൂടുപിടിപ്പിക്കുന്നതിൽ ഏഴു മടങ്ങ് അധികം ചൂടുപിടിപ്പിക്കുവാൻ അവൻ കല്പിച്ചു. അവൻ തന്‍റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോട് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബന്ധിച്ച് എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുവാൻ കല്പിച്ചു. അങ്ങനെ അവർ ആ പുരുഷന്മാരെ, അവരുടെ കാൽചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടി ബന്ധിച്ച് എരിയുന്ന തീച്ചൂളയിൽ ഇട്ടുകളഞ്ഞു. രാജകല്പന കർശനമായിരിക്കുകയാലും ചൂള അത്യന്തം ചൂടായിരിക്കുകയാലും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാർ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു.