“ഇതത്രെ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമുമ്പാകെ അറിയിക്കാം. രാജാവേ, തിരുമനസ്സുകൊണ്ട് രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്ക് രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു. മനുഷ്യവാസം ഉള്ളിടത്തൊക്കെ അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കൈയിൽ തന്നു, എല്ലാറ്റിനും അങ്ങയെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സു തന്നെ. തിരുമനസ്സിനു ശേഷം തിരുമേനിയേക്കാൾ താഴ്ന്ന മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്ന താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും. നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പ് സകലത്തെയും തകർത്ത് കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അത് മറ്റു രാജത്വങ്ങളെയെല്ലാം ഇടിച്ച് തകർത്തുകളയും. കാലും കാൽ വിരലും പകുതി കളിമണ്ണും പാതി ഇരുമ്പും കൊണ്ടുള്ളതായി കണ്ടതിന്‍റെ അർത്ഥമോ: അത് ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിനുള്ള ബലം കുറെ ഉണ്ടായിരിക്കും. കാൽവിരൽ പകുതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ട് ആയിരുന്നതുപോലെ രാജത്വം കുറെ ബലമുള്ളതും കുറെ ഉടഞ്ഞുപോകുന്നതും ആയിരിക്കും. ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്‍റെ അർത്ഥമോ: മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല. ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജനതക്കും ഏല്പിക്കപ്പെടുകയില്ല; അത് മറ്റ് രാജത്വങ്ങളെ എല്ലാം തകർത്ത് നശിപ്പിക്കുകയും എന്നേക്കും നിലനില്‍ക്കുകയും ചെയ്യും. കൈ തൊടാതെ ഒരു കല്ല് പർവ്വതത്തിൽനിന്ന് പറിഞ്ഞുവന്ന് ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്‍റെ അർത്ഥമോ: മഹാദൈവം മേലാൽ സംഭവിക്കുവാനുള്ളത് രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു.” അപ്പോൾ നെബൂഖദ്നേസർ രാജാവ് സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു; അവന് ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കണമെന്ന് കല്പിച്ചു. രാജാവ് ദാനീയേലിനോട്: “നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ട് നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം” എന്നു കല്പിച്ചു. രാജാവ് ദാനീയേലിന് ബഹുമതികളും അനേകം വലിയ സമ്മാനങ്ങളും കൊടുത്തു; അവനെ ബാബേൽസംസ്ഥാനത്തിന് അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കി. ദാനീയേലിന്‍റെ അപേക്ഷ പ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരാക്കി; ദാനീയേൽ രാജാവിന്‍റെ അരമനക്കുള്ളിൽ വസിച്ചു.
ദാനീ. 2 വായിക്കുക
കേൾക്കുക ദാനീ. 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ദാനീ. 2:36-49
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ