കൊലൊ. 2:9-15

കൊലൊ. 2:9-15 IRVMAL

ക്രിസ്തുവിന്‍റെ ശരീരത്തിലല്ലോ ദൈവത്തിന്‍റെ സർവ്വസമ്പൂർണ്ണതയുടെ സ്വഭാവങ്ങളും ദേഹരൂപമായി വസിക്കുന്നത്. എല്ലാ അധികാരത്തിനും, ആധിപത്യത്തിനും തലയായ ക്രിസ്തുവിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു. ക്രിസ്തുവിന്‍റെ പരിച്ഛേദനയാൽ നിങ്ങൾക്കും പാപശരീരം ഉരിഞ്ഞുകളയുന്നതായ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചിരിക്കുന്നു. സ്നാനത്തിൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ച് ദൈവത്തിന്‍റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു. അതിക്രമങ്ങളാലും നിങ്ങളുടെ ജഡത്തിൻ്റെ അഗ്രചർമം നിമിത്തവും മരിച്ചവരായിരുന്ന നിങ്ങളെയും ദൈവം ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും; അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിക്കുകയും ചെയ്തു. നമുക്ക് പ്രതികൂലവുമായിരുന്ന ചട്ടങ്ങളുടെ കയ്യെഴുത്ത് മായിച്ച് ക്രൂശിൽ തറച്ച് നമ്മുടെ നടുവിൽനിന്ന് നീക്കിക്കളഞ്ഞു; അധികാരങ്ങളേയും ശക്തികളേയും പിടിച്ചടക്കി ക്രൂശിൽ അവരുടെ മേൽ ജയോത്സവം ആഘോഷിച്ച് അവരെ പരസ്യമായ കാഴ്ചയാക്കിത്തീർത്തു.